ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു വരാം. അതിനാൽ മെയ്യ് നാലാം തീയ്യതിയിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നിട്ട് ഫലം പറയുന്നതല്ലേ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു.
‘വിഡി സതീശൻ ലീഗിന്റെ വക്താവാണ്. സതീശൻ തന്റേടത്തോടെ എന്തും പറയുന്നതിനു പിന്നിലെ ശക്തി ലീഗാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഘടകകക്ഷികൾക്ക് അതിൽ കാര്യമില്ല. പിന്നെയെന്തിനാണ് ലീഗ് മുഖ്യമന്ത്രി ചർച്ച നടത്തുന്നതും സതീശനെ പിന്തുണയ്ക്കുന്നതും? യുഡിഎഫ് ജയിച്ചാൽ ലീഗ് ഭരിക്കുമെന്നു തന്നെയാണ് അതിർത്ഥം.
ലീഗിന്റെ ഭരണകൂടം വന്നാൽ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും? ലീഗ് പറയും ഞങ്ങൾക്ക് മുഖ്യമന്ത്രി പദത്തിനുള്ള അർഹതയുണ്ടെന്ന്. അതു കിട്ടിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നു പറയും. ഇരിക്കാൻ പറയുമ്പോൾ കിടന്നു കൊടുക്കുന്നവരാണ് യുഡിഎഫിലുള്ളത്. ലീഗിന്റെ ആവശ്യങ്ങൾ ‘തന്നേക്കാവേ‘ എന്നു പറഞ്ഞ് അവർ നടത്തിക്കൊടുക്കും‘; വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘ഞാൻ കണക്കുകൂട്ടുന്നത് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിലേറുമെന്നാണ്. ചിലപ്പോൾ അതെന്റെ ആഗ്രഹമായിരിക്കാം‘. വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

















































