ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് കോഹിനൂർ വജ്രം തിരികെ നൽകാൻ ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ബ്രിട്ടീഷ് രാജാവിന്റെ യുഎസ് സന്ദർശന വേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
“ഞാൻ രാജാവിനോട് കോഹിനൂർ വജ്രം തിരികെ നൽകാൻ ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും”;ഇന്ത്യൻ വംശജനായ മംദാനി പറഞ്ഞു.
പിന്നീട് ചടങ്ങിൽ വെച്ച് രാജാവ് മംദാനിയുമായി സംസാരിച്ചു. മംദാനി രാജാവിനോട് ഈ വിഷയം ഉന്നയിച്ചോ എന്നതിനെക്കുറിച്ച് മംദാനിയുടെ ഓഫീസ് മറുപടി നൽകിയിട്ടില്ല.
105 കാരറ്റ് വജ്രം ബ്രിട്ടൻ തിരികെ നൽകണമെന്ന് മുമ്പ് പലതവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി രാജ്യങ്ങളും ഇക്കാര്യം ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ബ്രിട്ടൻ അതിന് തയ്യാറായിട്ടില്ല.
ആന്ധ്രാപ്രദേശിലെ ഗോൾക്കൊണ്ട ഖനിയിൽ നിന്നും ഖനനം ചെയ്തെടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തവും അമൂല്യവുമായ വജ്രമാണ് കോഹിനൂർ. പ്രകാശപര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്‍റെ അര്‍ഥം. പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാ തെലങ്കാന ഭാഗങ്ങള്‍ ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ കൈവശമായിരുന്നു ഈ വജ്രം. വജ്രം ആരുടെ പക്കലാണോ ഉള്ളത് അയാള്‍ക്ക് വലിയ സമ്പദ് സമൃതി ലഭിക്കുമെന്നാണ് ഐതിഹ്യം. ഇത് ഒരു രാജ്യഭരണാധികാരിയുടെ പക്കലാണെങ്കില്‍ ആ രാജ്യവും സംപുഷ്ഠി കൈവരിക്കുമെന്നും വിശ്വസിച്ചുവരുന്നു.
കാകതീയ രാജ്യവംശത്തില്‍ നിന്ന് ദില്ലി സുൽത്താൻമാർ ഈ വജ്രം കൈക്കലാക്കി. പിന്നീട് മുഗളന്മാർ, പേർഷ്യൻ ഭരണാധികാരികൾ, അഫ്ഗാൻ ഭരണാധികാരികൾ, പഞ്ചാബിലെ സിഖ് ഭരണാധികാരികൾ എന്നിവരിലൂടെ നൂറ്റാണ്ടുകളോളം വജ്രം കൈമറിഞ്ഞു. നിരവധി യുദ്ധങ്ങളും മരണവും കോഹിനൂര്‍ രത്നത്തിന്‍റെ പേരില്‍ നടന്നിട്ടുണ്ട്. ഒടുവിൽ വജ്രം 1849-ൽ പഞ്ചാബ് പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടെ കൈവശമെത്തി. 1852-ൽ ലണ്ടനിൽ വെച്ച് വീണ്ടും മുറിച്ചു മിനുക്കിയ ഈ വജ്രത്തിന് ഇപ്പോൾ 105.6 കാരറ്റ് ഭാരമുണ്ട് (യഥാർത്ഥത്തിൽ 186 കാരറ്റ്). നിലവിൽ, ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ കിരീടത്തിലെ (Queen Mother’s Crown) പ്രധാന ആകർഷണമായി ലണ്ടൻ ടവറിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.

















































