ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ പ്രതി സജിയെ ചോദ്യം ചെയ്യുന്നത് തുടരും. കൊലപാതകവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ആവശ്യമെങ്കിൽ വീണ്ടും തെളിയിപ്പിനായി കൊലപാതകം നടന്ന വീട്ടിലേക്ക് പ്രതിയെ കൊണ്ടുപോകും.
ഇന്നലെ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അമ്മയും സഹോദരനെയും കൊലപ്പെടുത്താൻ കാരണം കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രതിയുടെ മൊഴി. ഏപ്രിൽ നാലിനാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ സജിയും സഹോദരൻ റെജിയുമായി തർക്കമുണ്ടാവുകയായിരുന്നു. പിന്നീട് സംഘർഷത്തിലേക്ക് കടന്നു. സഹോദരൻ റെജിയെ കസേരയിൽ ഇരുത്തി കഴുത്തിൽ തോർത്ത് മുറുക്കിയും ഇത് കണ്ട് തടയാൻ വന്ന അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ച് കയ്യിൽ പിടിച്ച് ഭിത്തിയിലേക്കെറിഞ്ഞുമാണ് കൊന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചു. പിന്നീട് ഏലത്തിന് വേണ്ടി കുഴിയെടുക്കാൻ തീരുമാനിച്ച സ്ഥലത്ത് കുഴിയെടുത്ത് മൃതദേഹങ്ങൾ മൂടുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഏലച്ചെടി നട്ടുവച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും സജി പൊലീസിനോട് പറഞ്ഞു. സഹോദരനുമായി സ്വത്ത് തർക്കമുണ്ടായിരുന്നു. പിതാവ് മാത്യുവിൽ ഉണ്ടായ മകനല്ല താൻ എന്ന് പറഞ്ഞ് റെജി നിരന്തരം പരിഹസിക്കുമായിരുന്നു. തന്നെ വിവാഹം കഴിക്കാൻ സഹോദരനും മാതാവും സമ്മതിച്ചില്ല തുടങ്ങിയവയാണിത്.

















































