തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമായിരുന്ന കുടമാറ്റം കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.
തൃശ്ശൂർ പൂരം ആചാരപരമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. അതേസമയം കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ മരണം 14 ആയി. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഇന്ന് നടക്കും.














































