വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിൽ പത്തു ദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇക്കാര്യം സംസാരിച്ചുവെന്ന് ട്രംപ് തന്റെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
എന്നാൽ ഇസ്രയേലുമായി നിരന്തര ഏറ്റുമുട്ടൽ നടത്തുന്ന ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയിൽ പരാമർശമില്ല. തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. സമാധാനം കൈവരിക്കുന്നതിനായുള്ള നീക്കങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രംപ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇസ്രയേലുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിനെ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. യുദ്ധം ആരംഭിച്ചതുമുതൽ ലെബനൻ ഇത്തരമൊരു കരാർ ആവശ്യപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ നടപ്പിലാകുന്നതോടെ യുദ്ധത്തെ തുടർന്ന് വീടുകളിൽനിന്ന് മാറിനിൽക്കേണ്ടി വന്നവർക്ക് സുരക്ഷിതമായി തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.















































