ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആധികാരിക ജയം നേടി. 150 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബി 4.5 ഓവർ ശേഷിക്കെ തന്നെ ലക്ഷ്യം മറികടന്നു.
ആദ്യമായി ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ വിരാട് കോലി 34 പന്തിൽ 49 റൺസ് നേടി ടീമിന്റെ വിജയത്തിന് ഉറച്ച അടിത്തറ പാകി. കോലി പുറത്തായ ശേഷം രജത് പാട്ടിദാറും ജിതേഷ് ശർമ്മയും കൃത്യമായ ബാറ്റിംഗിലൂടെ വിജയം ഉറപ്പിച്ചു.
ടോസ് നേടിയ ആർസിബി ലഖ്‌നൗവിനെ ആദ്യം ബാറ്റിങ്ങിന് അയച്ചു. നിശ്ചിത 20 ഓവറിൽ 149 റൺസിന് ലഖ്‌നൗ ഓൾഔട്ടായി. 32 പന്തിൽ 40 റൺസെടുത്ത മിച്ചൽ മാർഷ് ടീമിന്റെ ടോപ് സ്‌കോററായി. മധ്യനിരയിൽ ആയുഷ് ബദോനി 38 റൺസും വാലറ്റത്ത് മുകുൾ ചൗധരി 39 റൺസും നേടി സ്കോർ ഉയർത്താൻ ശ്രമിച്ചു.
എന്നാൽ എയ്ഡൻ മർക്രം (12), റിഷഭ് പന്ത് (1), നിക്കോളാസ് പുരാൻ (1) എന്നിവർ വേഗത്തിൽ പുറത്തായത് ലഖ്‌നൗവിന് തിരിച്ചടിയായി. അബ്ദുൾ സമദും മുഹമ്മദ് ഷമിയും റൺസ് ഒന്നും നേടാതെ മടങ്ങി.
ബോളിംഗിൽ ആർസിബിക്കായി റാസിഖ് സലാം ദർ മിന്നി. നാല് ഓവറിൽ വെറും 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹമാണ് മത്സരത്തിലെ മികച്ച പ്രകടനക്കാരൻ. ഭുവനേശ്വർ കുമാർ 27 റൺസിന് മൂന്ന് വിക്കറ്റും, ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റും, ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി ലഖ്‌നൗവിനെ കുറഞ്ഞ സ്കോറിൽ ഒതുക്കി.










































