ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ നിർണ്ണായക മാറ്റം വരുത്താനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് ഇറാൻ. പരമോന്നത നേതാവ് മൊജ്‌തബ ഖമേനിയാണ് രാജ്യത്തിന്റെ പുതിയ നീക്കം വെളിപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച് ഇറാൻ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രാജ്യത്തെ ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഔദ്യോഗിക മാധ്യമങ്ങളിലൂടെ മൊജ്‌തബ മുന്നറിയിപ്പ് നൽകി.
സംഘർഷങ്ങളിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം തേടുമെന്ന് വ്യക്തമാക്കിയ മൊജ്‌തബ ഇത് ഇറാന്റെ നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു പുതിയ അധ്യായമാണെന്നും പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റവർക്കും രക്തസാക്ഷികൾക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും വെല്ലുവിളികൾ നേരിടുകയാണ്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലായെങ്കിലും ലബനനിലെ സംഘർഷം ഇതിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വെടിനിർത്തൽ വ്യവസ്ഥകൾ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം 15 കപ്പലുകളെ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്നതാണ് ഇറാന്റെ നിലപാട്.
















































