തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാർട്ടി കോൺഗ്രസിൽ വായിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുചേർന്ന് മത്സരിക്കുകയാണ്. പാർട്ടി കോൺഗ്രസ് തീരുമാനത്തെപ്പോലും കാറ്റിൽപ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്. ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോൾ എഫ്‌സിആർഎ ഭേദഗതി ബിൽ വന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി. സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും- പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. ‘പെയ്ഡ് സർവ്വേകളാണ് ഭൂരിഭാഗവും. പാർലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വികെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സർവ്വേകൾ. യഥാർത്ഥ ജനവികാരം സർവ്വേകളിൽ പ്രതിഫലിക്കില്ല. നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും. ജനവികാരം തിരിച്ചറിയാം.
ഈ സർക്കാരിനെതിരെ ജനവികാരമുണ്ട്. ചരിത്രത്തിലാദ്യമായി എന്തുചെയ്യണമെന്ന നിർദേശമായ ഗവേഷണ തുല്യമായ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബദൽ പദ്ധതികളാണ് മുന്നിലുള്ളത്. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നിലുണ്ട്. സമഗ്രമായ മാറ്റങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരും എന്നും വി ഡി സതീശൻ പറഞ്ഞു.
അതുപോലെ സുരേഷ് ഗോപി എഫ്‌സിആർഎ ബില്ലിലെ പ്രൊവിഷൻസ് നന്നായി വായിച്ചുനോക്കണം. എപ്പോൾ വേണമെങ്കിലും ലൈസൻസ് പുതുക്കി നൽകാതിരിക്കാം. ആരാധനാലയങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കാം. കേന്ദ്രം ചർച്ച് ബില്ലും തയ്യാറാക്കുന്നുണ്ട്. എഫ്‌സിആർഎ ആക്ട് വേണം എന്നാൽ ന്യൂനപക്ഷങ്ങളുടെ ആസ്തി തട്ടിയെടുക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.













































