ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ജനങ്ങളിലേക്ക് സന്ദേശം കൈമാറിയത്. അതേസമയം തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ ശ്രമം നടക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പടിഞ്ഞാറൻ ഭാഗത്താണ് യുഎസ് വിമാനം തകർന്നു വീണത്. പൈലറ്റുമാർ വീണതായി ഇറാനിയൻ മാധ്യമങ്ങൾ പറയുന്ന പ്രദേശങ്ങളിൽ യുഎസ് തിരച്ചിൽ നടത്തുന്നുണ്ട്. യുഎസ് സൈന്യം വ്യോമമാർഗം സേനയെ ഇറക്കി തിരച്ചിൽ നടത്തുകയാണെന്നും ഇതിനിടെ യുഎസ് സേനയും ഇറാനിയൻ കരസേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.
അതേസമയം പൈലറ്റുമാരെ കണ്ടെത്തുന്നവർക്ക് വൻ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പൈലറ്റുമാരെ പിടികൂടാനുള്ള തിരച്ചിലിൽ പങ്കുചേരാൻ ടെലിവിഷൻ അവതാരകർ ജനങ്ങളോട് ആവശ്യപ്പെട്ടു. പൈലറ്റുമാരെ ഇറാൻ പിടികൂടുകയാണെങ്കിൽ അത് യുദ്ധത്തിൽ വഴിത്തിരിവാകും. സംഘർഷത്തിനിടയിൽ ആദ്യമായാകും അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലാകുന്നത്.













































