ടെഹ്റാൻ: ഇറാന്റെ നേതാക്കളെ യുഎസും ഇസ്രയേലും ലക്ഷ്യമിടുന്നത് തുടർന്നാൽ ഇന്നു ഒന്നുമുതൽ യുഎസിന്റെ ടെക് കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മുന്നറിയിപ്പ്. ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ യുഎസിന്റെ ടെക് കമ്പനികളെല്ലാം ആക്രമിക്കും. ഇറാനിലെ ഓരോ വധത്തിനും പകരമായി ഈ കമ്പനികൾ അവരുടെ ഓരോ യൂണിറ്റുകളുടെയും നാശം പ്രതീക്ഷിക്കണമെന്നാണ് ഭീഷണി. രാജ്യത്തെത്തിയ ആക്രമണങ്ങൾക്കും ഇറാൻ ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങൾക്കും പ്രതികാരമായാണ് ഈ നീക്കമെന്നാണ് സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതുപോലെ ഇറാന്റെ ഉദ്യോഗസ്ഥരെ വധിച്ചാൽ തങ്ങൾ ലക്ഷ്യമിട്ടേക്കാവുന്ന 18 കമ്പനികളുടെ പട്ടികയും ഐആർജിസി പുറത്തുവിട്ടു. ജീവൻ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ തൊഴിലിടങ്ങൾ വിടാൻ ജീവനക്കാരോടു നിർദേശിച്ചു. ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ, അഥവാ ജിഎംടി സമയം വൈകിട്ട് 4.30 മുതൽ, നടപടികൾ ആരംഭിക്കാമെന്നാണു പ്രഖ്യാപനം. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉടൻ തന്നെ അവരുടെ ജോലി സ്ഥലങ്ങൾ ഒഴിഞ്ഞ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഐആർജിസി നിർദ്ദേശിക്കുകയും ചെയ്തു. ഈ മുന്നറിയിപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനികൾക്കും അവരുടെ ജീവനക്കാർക്കും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ, യുഎസ്– ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ ഒരു ബ്രിഗേഡിയർ ജനറൽ കൊല്ലപ്പെട്ടതായും ഐആർജിസി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ജംഷീദ് എഷാഘി ഇറാന്റെ സൈനിക ജനറൽ സ്റ്റാഫിലെ ബജറ്റ്, സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന പ്രധാന ഉദ്യോഗസ്ഥനായിരുന്നു. 2025-ൽ ചൈനയിലേക്ക് എണ്ണ കടത്തുന്ന അന്താരാഷ്ട്ര ശൃംഖലയിൽ പങ്കുണ്ടെന്നും അതിലൂടെ ലഭിച്ച ലാഭം ഇറാൻ പിന്തുണയുള്ള പ്രാദേശിക ഗ്രൂപ്പുകൾക്ക് ധനസഹായമായി ഉപയോഗിച്ചെന്നുമുള്ള ആരോപണത്തെ തുടർന്ന് യുഎസ് ഇയാളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം ഐആർജിസി കമാൻഡർ ഇൻ ചീഫ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ സംഭവവികാസങ്ങൾ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചന നൽകുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. സൈനിക ലക്ഷ്യങ്ങളിൽ നിന്ന് മാറി സ്വകാര്യ കമ്പനികളെ പോലും ലക്ഷ്യമാക്കുന്ന രീതിയിലേക്ക് പ്രശ്നം വ്യാപിക്കുന്നതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലും സുരക്ഷാ രംഗത്തും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.














































