തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കാലിലാണ് പുഴുവരിച്ചതായി കണ്ടെത്തിയത്. കാലിൽ പൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28നായിരുന്നു അപകടം.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നലെയാണ് ഐസിയുവിൽ നിന്ന് രാജേന്ദ്ര പ്രസാദിനെ വാർഡിലേക്ക് മാറ്റിയത്. ഈ സമയം കൂടെയുണ്ടായിരുന്നവരാണ് കാലിൽ പുഴുവരിക്കുന്നത് കണ്ടത്. ചികിത്സപ്പിഴവിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചതായി ഇന്ന് മറ്റൊരു പരാതിയും ഉയർന്നിരുന്നു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ്(62) ആണ് മരിച്ചത്. അഞ്ചാം വാർഡിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അപകടം. കട്ടിലിൽ നിന്ന് വീണ് അര മണിക്കൂറിനകം വിൽഫ്രഡ് മരിച്ചു.


















































