വാഷിങ്ടൻ: ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് (ഏകദേശം 400 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനായുള്ള കരസേനാ നീക്കത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ആണവായുധങ്ങൾ നിർമിക്കാൻ ഇറാൻ ഉപയോഗിച്ചേക്കാവുന്ന ഈ പദാർഥം കൈക്കലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ ട്രംപിന്റെ നീക്കം.
അമേരിക്കയും ഇസ്രയേലും മുൻപ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മുമ്പ്, ഇറാനിന് 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ 400 കിലോ യൂറേനിയവും 20 ശതമാനം സമ്പുഷ്ടമാക്കിയ ഏകദേശം 200 കിലോ ഫിഷൈൽ വസ്തുക്കളും കൈവശമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ വസ്തുക്കളുടെ വലിയൊരു പങ്ക് മലനിരകളുടെ അടിയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലാലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് അവ നശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, കരസേന ഇടപെടൽ അനിവാര്യമാകാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്രംപ് ഭരണകൂടം ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കരുതെന്ന നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ യൂറേനിയം ശേഖരം കൈവശം വെക്കുന്നത് തന്നെ വലിയ സുരക്ഷാ ഭീഷണിയാണെന്ന് വിലയിരുത്തുന്നു. അതേസമയം, ഇത്തരമൊരു സൈനിക നീക്കം വലിയ അപകടസാധ്യതയും ചെലവും ഉൾക്കൊള്ളുന്നതാണ്. ഇറാന്റെ ശക്തമായ പ്രതിരോധം, ദീർഘകാല സൈനിക സാന്നിധ്യത്തിന്റെ ആവശ്യം, മേഖലയിൽ യുദ്ധം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത എന്നിവയാണ് പ്രധാന ആശങ്കകൾ.
അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനയായി ഈ ആണവ പദാർഥങ്ങൾ വിട്ടുനൽകാൻ ഇറാനോട് ആവശ്യപ്പെട്ട് സമ്മർദത്തിലാക്കാൻ ട്രംപ് തന്റെ ഉപദേശകർക്ക് നിർദേശം നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ രാഷ്ട്രീയ സഖ്യകക്ഷികളോട് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകളിലൂടെ ഇത് വിട്ടുനൽകാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഈ ഭീഷണി നിലനിൽക്കുമ്പോഴും, പാക്കിസ്ഥാൻ പ്രതിനിധികൾ വഴി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന പരോക്ഷ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ ഒരു കരാറിലെത്താൻ സാധിച്ചേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതുവരെ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കുന്നതിനായി നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ല.

















































