ടെൽ അവീവ്: ഇസ്രയേൽ–യു.എസ്. സഖ്യം ഇറാനെതിരെ തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവ്. യെമനിലിലെ ഹൂതി വിമതരും രംഗത്തെത്തിയതോടെ യുദ്ധത്തിന്റെ സ്വഭാവം മാറിയിരിക്കുകയാൺേ. ശനിയാഴ്ച ഇസ്രയേലിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെയാണ് ഹൂതികൾ തുറന്ന യുദ്ധപങ്കാളിത്തം പ്രഖ്യാപിച്ചത്. ഇസ്രയേൽ പ്രതിരോധസംവിധാനങ്ങൾ ഒരു മിസൈൽ നിർവീര്യമാക്കിയതായി അറിയിച്ചു.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇസ്രയേലിനെതിരെ നടപടികൾ തുടരുമെന്ന നിലപാടിലാണ് ഹൂതികൾ. ഇതിനുമുമ്പ് ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും യുദ്ധത്തിൽ സജീവമായി ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിൽ യു.എസ്. കരയുദ്ധം ആരംഭിക്കുമെന്ന ആശങ്കയും ശക്തമാകുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകിയിരിക്കുന്നത്. 2023-ൽ ഗാസയിൽ യുദ്ധം രൂക്ഷമായപ്പോൾ പലസ്തീൻ ഐക്യദാർഢ്യമായി ചെങ്കടലിലൂടെ സഞ്ചരിച്ച ഇസ്രയേൽബന്ധമുള്ള കപ്പലുകളെ ഹൂതികൾ ലക്ഷ്യമിട്ടിരുന്നു.
ഇപ്പോൾ സംഘർഷം ചെങ്കടലിലേക്കും വ്യാപിക്കുമോയെന്ന ആശങ്ക ഉയരുന്നു. യെമെൻ തീരത്തെ ബാബ് അൽ-മൻഡബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളാണ് പ്രധാനമായും ഭീഷണിയിൽപ്പെടാൻ സാധ്യത. മുൻപ് ഹോർമുസ് കടലിടുക്ക് സംബന്ധിച്ച സംഘർഷങ്ങൾ ആഗോള എണ്ണവിലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ചെങ്കടൽ മേഖലയിൽ സംഘർഷം ശക്തമാവുകയും സൂയസ് കനാൽ പ്രതിസന്ധിയിലാവുകയും ചെയ്താൽ ലോകസാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന ചരക്കുപാതയായ സൂയസ് വഴിയാണ് ആഗോള ചരക്കുനീക്കത്തിന്റെ വലിയൊരു വിഹിതവും സാധ്യമാകുന്നത്.


















































