ടെഹ്‌റാൻ: ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അരകിലെ (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇവിടെ ആക്രമണം നടന്നതായി ഇസ്രയേലും ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അതേസമയം ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അരകിലെ പ്ലാന്റ്. ലോകത്തിന് എന്നും ഭീഷണിയായി നിലകൊള്ളുന്ന ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രത്തിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക നിഗമനം. നേരത്തെ ജൂൺ മാസത്തിലും അരകിലെ പ്ലാന്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
















































