കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. നിരവധി അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ഇതിന്റെ ഭാഗമായാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സതീശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും ഒപ്പിടാൻ തയ്യാറായ മുഖ്യമന്ത്രി 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്ര ഭരണാധികാരികൾക്ക് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ സി.പി.എം സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെയും സതീശൻ രൂക്ഷമായി പ്രതികരിച്ചു. കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവിനെ മണിക്കൂറുകൾക്കകം പുറത്താക്കിയ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.
എന്നാൽ രമ്യ ഹരിദാസിനെ എ. വിജയരാഘവൻ അധിക്ഷേപിച്ചപ്പോഴോ, വീണ എസ്. നായർക്കെതിരെ സി.പി.എം നേതാക്കൾ മോശം പരാമർശം നടത്തിയപ്പോഴോ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടിയുടെ മകളെ വരെ സി.പി.എം നേതാക്കൾ അധിക്ഷേപിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. യു.ഡി.എഫിൽ ആര് മോശം പരാമർശം നടത്തിയാലും നടപടിയുണ്ടാകുമെന്നും എന്നാൽ സി.പി.എമ്മുകാർക്ക് ആരെയും എന്തുവേണമെങ്കിലും പറയാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































