തിരുവനന്തപുരം: ജയിലില്‍ കഴിയാന്‍ മോഷണം നടത്തി യുവാവ്. ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ് ഖാന്‍ പൊലീസിനോടു പറഞ്ഞത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിനാലാണ് വീണ്ടും മോഷണം നടത്തി ജയില്‍ വാസമുറപ്പാക്കുന്നതെന്നും ഇയാള്‍ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാന്‍ ആണ് വീണ്ടും ജയിലിലേക്ക് മടങ്ങാനായി മോഷണം നടത്തി പൊലീസിന്റെ പിടിയിലായത്.
ജയിലിലെ ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും തനിക്ക് ഇഷ്ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടാതെ ജയില്‍ അടുക്കളയിലെ സീനിയര്‍ മേസ്തിരി കൂടിയായ ഇയാള്‍ക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും ആകര്‍ഷണമായി. ഈ സൗകര്യങ്ങള്‍ വീണ്ടും ആസ്വദിക്കാനായി കോവളം മേഖലയിലെ രണ്ടിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം ചെറുതും വലുതുമായ മോഷണക്കേസുകളില്‍ പ്രതിയാണ് ദിലീപ് ഖാനെന്ന് പൊലീസ് അറിയിച്ചു.
ബീച്ച് റോഡിലെ രണ്ടു കടകളിലാണ് ഇയാള്‍ ഒരേദിവസം മോഷണം നടത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് മിനി മാര്‍ക്കറ്റ് എന്ന കടയില്‍ നിന്ന് 40,000 രൂപയും ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാര്‍ഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്. പൊളിക്കാനുപയോഗിച്ചുവെന്നു കരുതുന്ന പിക്കാസ് കടക്കുള്ളില്‍ കണ്ടെത്തി.
















































