പത്തനംതിട്ട: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് താൻ ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന സമയത്തല്ലെന്ന് ആറന്മുളയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന കെ.കെ. ശൈലജയെ ഉന്നംവെച്ചാണ് വീണാ ജോർജ് സംസാരിച്ചതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കി.
ചൊവ്വാഴ്ച, പത്തനംതിട്ട പ്രസ്‌ക്ലബിലെ ‘ജനമനസ്സ്’ സംവാദ പരിപാടിയിലായിരുന്നു വാക്പോര്. ആലപ്പുഴയിൽ രോഗിയുടെ വയറ്റിൽ കത്രികയും കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണവും കുടുങ്ങിയത് അബിൻ വർക്കി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ‘2021-ലാണ് ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്.
കോഴിക്കോട്ട് ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് 2017-ലാണ്. വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നത്’-വീണാജോർജ് പറഞ്ഞു. സ്വർണക്കൊള്ളയും ചൂരൽമല ദുരന്തവും പൊരിഞ്ഞ വാദപ്രതിവാദത്തിന്റെ വിഷയങ്ങളായി. കെ.എസ്.യു.ക്കാരുടെ പ്രതിഷേധത്തിനിടെ കണ്ണൂരിൽവെച്ച് മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റ സംഭവത്തെച്ചൊല്ലിയും വാക്പോര് നടന്നു.
















































