തിരുവനന്തപുരം: കോൺഗ്രസ് ഉന്നയിച്ച പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയാണ് വരണാധികാരി തള്ളിയത്. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു.
അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥും കോൺഗ്രസും ഉന്നയിച്ച പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചത്. തുടർന്ന് പത്രിക മാറ്റിവെയ്ക്കുകയായിരുന്നു.
എന്നാൽ, വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെ പത്രിക സ്വീകരിക്കുകയായിരുന്നു.
ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. പത്രികയിൽ ഒരു തെറ്റില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് പരാതിക്കു പിന്നാലെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.
















































