കണ്ണൂർ: ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ മാഷെ ഒറ്റപ്പെടുത്തി, അതെനിക്ക് സഹിക്കാൻ പറ്റിയില്ല… യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിക്കെതിരെ അച്ചടക്ക ഇന്നു നടപടിയുണ്ടായേക്കും.
ഇന്നലെ ടി കെ ഗോവിന്ദന് പിന്തുണ അറിയിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഭാര്യ കെപി രമണി എത്തിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന കെപി രമണി ഇപ്പോൾ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്.
അതേസമയം ടി കെ ഗോവിന്ദനെ പാർട്ടി ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണയ്ക്കാനായി താനെത്തിയതെനന്നായിരുന്നു കെ പി രമണി പ്രതികരിച്ചത്. ടി കെ ഗോവിന്ദൻ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയിൽ നടക്കുന്നു. ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വർഷമായി ഈ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാൻ പറ്റിയില്ല, കെ പി രമണി പറഞ്ഞു.
തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടത്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താൻ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. അതേപോലെ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെയാണ് ടി കെ ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കുന്നത്. ഇവിടെ യുഡിഎഫ് വേറെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.















































