കൊച്ചി: സിനിമ റിവ്യൂകളിലൂടെ ശ്രദ്ധേയനായ ‘ആറാട്ടണ്ണൻ’ എന്ന പേരിൽ ശ്രദ്ധേയനായ സന്തോഷ് വർക്കിയെ ആക്രമിച്ച് യുവാവ്. ഇന്നലെ റിലീസായ ആട് 3 സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ സന്തോഷ് വർക്കിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ആട് 3 സിനിമയുടെ ഇടവേളയ്ക്കിടെ ചിത്രത്തിനെതിരെ മോശം റിവ്യൂ സന്തോഷ് വർക്കി പങ്കുവച്ചിരുന്നു. പിന്നാലെ തിയറ്റർ റെസ്പോൺസ് എടുക്കാൻ വന്ന യൂട്യൂബ് ചാനലുകളോടും സന്തോഷ് നെഗറ്റീവ് റിവ്യൂ പറയുകയുണ്ടായി. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമിച്ചത്. കൊച്ചി മച്ചാൻ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ‘ അവനും കുറച്ച് മീഡിയക്കാരും പ്ലാന്‍ ചെയ്ത് ചെയ്തതാണെന്ന് തോന്നുന്നു. വൈറലാകാന്‍ എന്തും ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അറിയാതെ വൈറലായതാണ്’. സന്തോഷ് വർക്കി പറഞ്ഞു.
‘‘കൊച്ചി മച്ചാൻ എന്നെ ആക്രമിച്ചു. പണ്ട് പെരേരയെയും ഇയാൾ ആക്രമിച്ചിരുന്നു. ഇയാളുടെ ലക്ഷ്യം വൈറലാകുകയാണ്. എന്നെ വേദനിപ്പിച്ചത് ഞാനിത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണെന്നാണ്. പക്ഷേ അയാളും കുറച്ച് യൂട്യൂബ് മീഡിയാസും പ്ലാൻ ചെയ്ത് എന്നെ ആക്രമിച്ചിതാണ്. സംഭവത്തിൽ കൊച്ചി മച്ചാൻ എന്ന യുവാവ് പിന്നീട് തന്നോട് മാപ്പ് പറയുന്ന വിഡിയോയും സന്തോഷ് വർക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും മേലാല്‍ തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞതായും സന്തോഷ് വർക്കി വ്യക്തമാക്കി. ‘‘നേരിട്ട് കണ്ടപ്പോഴാണ് മനസ്സിലായത് ഇവനൊരു പാവമാണെന്ന്. ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു. ഒരു കൗൺസിലിങ്ങിന് പോകാൻ പറഞ്ഞു. ഇവന് സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ ഇതുവരെ ആരും വിളിക്കുന്നില്ല. അതുകൊണ്ടാകും വൈറലാകാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്. തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു,













































