ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി സമുച്ചയത്തിനുള്ളിലെ ഹെലിപാഡിൽ ഇറാന്റെ മിസൈൽ പതിച്ചതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് എംബസി പരിസരത്ത് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലൊന്നായ ഈ എംബസി സമുച്ചയം മുമ്പും ഇറാനുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകൾ നടത്തിയ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾക്ക് ലക്ഷ്യമാകാറുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് പ്രകാരം, എംബസിക്കുള്ളിലെ ഹെലിപാഡിൽ മിസൈൽ പതിച്ചതായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തെക്കുറിച്ച് ബാഗ്ദാദിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം ബാഗ്ദാദിൻ്റെ കേന്ദ്രഭാഗത്തുള്ള കർശന സുരക്ഷയുള്ള ഗ്രീൻ സോൺ പ്രദേശത്തിനുള്ളിലാണ് സംഭവം നടന്നത്. ഇറാഖ് സർക്കാരിൻ്റെ പ്രധാന സ്ഥാപനങ്ങളും നിരവധി വിദേശ എംബസികളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഗ്രീൻ സോണിനുള്ളിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസി സമുച്ചയത്തിൻ്റെ പരിധിക്കുള്ളിലാണ് പ്രൊജക്റ്റൈൽ പതിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാൻ അനുമതിയില്ലാത്തതിനാൽ അവർ പേരുകൾ വെളിപ്പെടുത്തിയില്ല.
സംഭവത്തിന് പിന്നാലെ ഇറാഖിലെ സുരക്ഷാ സാഹചര്യത്തെ കുറിച്ച് യുഎസ് എംബസി വീണ്ടും ലെവൽ-4 സുരക്ഷാ മുന്നറിയിപ്പ് പുതുക്കി പുറത്തിറക്കി. ഇറാനും ഇറാനുമായി ബന്ധമുള്ള മിലീഷ്യ ഗ്രൂപ്പുകളും മുമ്പ് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു, അതിനാൽതന്നെ ആക്രമണങ്ങൾ തുടരുമെന്ന സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം സുരക്ഷാ ഭീഷണികൾ ഉയർന്നതിനെ തുടർന്ന് ഈ മാസം ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് ഇറാഖ് തിരിച്ചറിയുന്ന ചില രാജ്യങ്ങളിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത അമേരിക്കൻ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെ വ്യാഴാഴ്ച വടക്കൻ ഇറാഖിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ അന്താരാഷ്ട്ര സൈനിക സഖ്യത്തിൻ്റെ ഭാഗമായി അവിടെ തങ്ങിനിന്നിരുന്ന ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൻ്റെ പിന്നിൽ ആരാണെന്നത് സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ഇറാനിലെ ഖർഗ് ദ്വീപിൽ യുഎസ് ആക്രമണം
അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിലെ പ്രധാന തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് ശക്തമായ ബോംബാക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞത്, മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് അമേരിക്ക നടത്തിയതെന്നും ഖർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ മുഴുവൻ തകർത്തതായും ആണ്.
അതേസമയം ഇറാൻ്റെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 21 മൈൽ അകലെയുള്ള ചെറിയ കൊറൽ ദ്വീപായ ഖർഗ് ദ്വീപ് രാജ്യത്തിൻ്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ്. ഇറാൻ്റെ ഭൂരിഭാഗം ക്രൂഡ് ഓയിൽ കയറ്റുമതിയും ഇവിടെ നിന്നാണ് നടക്കുന്നത്.
ഇതിന് പിന്നാലെ ഇറാൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇറാൻ്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കയുമായി ബന്ധമുള്ള എല്ലാ എണ്ണ- എനർജി അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ്റെ ഖതം അൽ-അൻബിയ കേന്ദ്ര ആസ്ഥാനം വക്താവ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഓഹരിയുള്ളതോ, യുഎസുമായി സഹകരിക്കുന്നതോ ആയ എല്ലാ എണ്ണക്കമ്പനികളുടെ മേഖലയേയും ആക്രമിച്ച് നശിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















































