തിരുവന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്നു രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,780 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 1,500 രൂപയിലേറെ കുറഞ്ഞു. എന്നിരുന്നാലും, രാജ്യാന്തരവിലയിൽ വർദ്ധനവിനുള്ള പ്രവണത കാണിക്കുന്നതായാണ് സൂചന. നിക്ഷേപകർ സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലാണ്.
രാജ്യാന്തര വില ഇന്നുരാവിലെ ഔൺസിന് 5,057 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുകയറാനുള്ള വെമ്പലിലാണ്. ഈ പ്രവണതയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവന് 1,000 രൂപയിലധികം കുറയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം, ഇന്നു രാവിലെ,18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 280 രൂപ.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 12,145 രൂപ. വെള്ളിക്ക് 280 രൂപ.
അമേരിക്കയിലെ പണപ്പെരുപ്പക്കണക്ക് (യുഎസ് പഴ്സനൽ കൺസംപ്ഷൻ എക്സ്പൻഡിച്ചേഴ്സ് പ്രൈസ് ഇൻഡ്ക്സ്/പിസിഇ) ഇന്ന് വൈകിട്ട് പുറത്തുവരും. അതോടെ സ്വർണവില ഇനിയും കുതിച്ചുകയറുമോ അതോ ഇടിഞ്ഞിടിഞ്ഞ് ഒരുലക്ഷം രൂപയിലേക്ക് തിരിച്ചെത്തുമോ എന്നുള്ളതിന്റെ യഥാർത്ഥ രൂപം വ്യക്തമായേക്കും.
പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് അടുത്തെങ്ങും കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എത്തും. ഇത് യുഎസ് ഡോളറിനെയും യുഎസ് ട്രഷറി യീൽഡിനെയും (കടപ്പത്രത്തിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായത്തിന്റെ നിരക്ക്) ഉയർന്നതലത്തിൽ തന്നെ നിലനിർത്തും. ഇത് സ്വർണ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാവുകയും വില താഴുകയും ചെയ്യും.
പണപ്പെരുപ്പം താങ്ങാനാവും വിധമാണെങ്കിൽ പലിശഭാരം കുറയ്ക്കാൻ യുഎസ് ഫെഡ് നിർബന്ധിതരാകും. പലിശ കുറച്ചേതീരൂ എന്ന് നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിർബന്ധം പിടിക്കും. ഇത് ഡോളറിനും കടപ്പത്രത്തിനും തിരിച്ചടിയാകും. സ്വർണവില മേലോട്ട് ഉയരുകയും ചെയ്യും.
















































