തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ തന്നേപ്പോലും എസ്പിജി സംഘം ദേഹപരിശോധന നടത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സുരക്ഷാ പരിശോധനകളുടെ ഭാഗമാണ് അതെന്നും അവ എല്ലാവരും പാലിച്ചേ പറ്റൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. എസ്പിജി സംഘത്തോട് താൻ കേന്ദ്ര മന്ത്രിയാണെന്ന് കേരള പോലീസ് പറഞ്ഞിട്ടുപോലും പതിവ് നടപടിയുടെ ഭാഗമാണിതെന്നും പരിശോധിച്ച ശേഷമേ വിടൂ എന്നുമാണ് അവർ പറഞ്ഞതെന്നും അ ദ്ദേഹം വ്യക്തമാക്കി.
ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം തന്നോട് നാല് സ്ഥലത്താണ് ആധാർ കാർഡ് ചോദിച്ചത്. കേന്ദ്ര മന്ത്രിയാണെന്ന് കൂടെയുള്ളവർ പറഞ്ഞിട്ടും അവർ (എസ്പിജി) ആധാർ കാർഡ് കാണണമെന്നാണ് പറഞ്ഞത്. തന്നെ അവർക്ക് അറിയാം. എന്നിട്ടും പരിശോധിച്ചു. ഇത് നേരത്തേ അറിയാവുന്നതുകൊണ്ട് ആധാർ കാർഡിന്റെയും പാസ്‌പോർട്ടിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയുമെല്ലാം ഒറിജിനൽ പോക്കറ്റിൽ വെച്ചിരുന്നു.
ആധാർ കാർഡ് പോരാ എന്ന് പറഞ്ഞാലോ എന്ന് പേടിച്ച്. അതെല്ലാമെടുത്ത് അവരുടെ മുന്നിൽവെച്ചുകൊടുത്തു. നമുക്ക് ഓരോ സുരക്ഷാ വിഭാഗങ്ങളുണ്ട്. ഇസെഡ് കാറ്റഗറിയുണ്ട്, ഇസെഡ് പ്ലസ് കാറ്റഗറിയുണ്ട്. വൈ കാറ്റഗറിയുണ്ട്, വൈയുടെ തന്നെ ഏതാണ്ട് നാലോ അഞ്ചോ വകഭേദങ്ങളുണ്ട്. ഇത് ആ ഉദ്യോഗസ്ഥർക്ക് പാലിച്ചേ പറ്റൂ. അമിത് ഷായും ഇതുപോലെ പാസ് കാണിച്ചു, പോരാ ആധാർ കാർഡ് കാണിക്കണമെന്ന് പറഞ്ഞു.
അമിത് ഷായെ അവർക്ക് നന്നായി അറിയാം. എങ്കിലും മറ്റുള്ളവരുടെ അടുത്തെല്ലാം ചോദിച്ച സ്ഥിതിക്ക് അമിത് ഷായ്ക്ക് മാത്രം അങ്ങനെ ഒരു പരിഗണന നൽകി എന്ന കാര്യം പുറത്തുവരാൻ പാടില്ല. അതുകൊണ്ട് അവരത് ചോദിക്കും, സുരേഷ് ഗോപി പറഞ്ഞു. ”ഇന്നലെ എന്നെ ഒരു സ്ഥലത്ത് ഫ്രിസ്‌ക് ചെയ്തു (ദേഹപരിശോധന നടത്തി) എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പ്രധാനമന്ത്രി വരുന്ന പെട്രോളിയത്തിന്റെ പരിപാടിയിലേക്ക് ഞാൻ ചെല്ലുന്നിടത്ത് എന്നെ ഫ്രിസ്‌ക് ചെയ്തു. അപ്പോഴും കേരള പോലീസ് പറഞ്ഞു, ഇത് സെൻട്രൽ മിനിസ്റ്ററാണെന്ന്. ഇത് പതിവ് നടപടിക്രമമാണെന്നും ഇത് ചെയ്യണമെന്നുമാണ് അവർ പറഞ്ഞത്.
കേരള പോലീസ് പറഞ്ഞിട്ട് കേട്ടില്ല. പരിശോധിച്ചിട്ട് തിരിഞ്ഞു നിൽക്കണമെന്ന് പറഞ്ഞു. പിറകിലും പരിശോധിച്ചു. എന്തോ ലോഹ ഭാഗമുണ്ടെന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ എന്റെ ഷർട്ടൊന്ന് പൊക്കി കാണിച്ചു. ബെൽറ്റിടാറുണ്ട്, ബെൽറ്റിന്റെ ബക്കിളാണ്, ഇതാണോ എന്ന് ചോദിച്ചു. അതെ ശരി പോയ്‌ക്കോളൂ എന്ന് അവർ പറഞ്ഞു”, സുരേഷ് ഗോപി വ്യക്തമാക്കി.















































