ചെന്നൈ: നടി തൃഷയ്‌ക്കെതിരായ വീണ്ടും വിവാദ പരാമര്‍ശവുമായി നടനും സംവിധായകനുമായ പാർത്ഥിപൻ. നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കഴിഞ്ഞദിവസം പാർഥിപൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു അവാർഡ് പരിപാടിക്കിടെയായിരുന്നു പാർഥിപന്റെ വിവാദ പരാമർശം. ഇതിനെതിരെ തൃഷ രൂക്ഷവിമർശനം ഉന്നയിച്ചതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
ഇതിനുപിന്നാലെ പറഞ്ഞതിനെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ട്. അബദ്ധമെന്നത് ഒരാൾ അറിയാതെ ചെയ്യുന്നതാണ്. തെറ്റാകട്ടെ, മനഃപൂർവം ചെയ്യുന്നതും. അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിലും വ്യത്യാസമുണ്ട്. -പാർഥിപൻ പറഞ്ഞു.
അവാർഡ് പരിപാടിയിൽ ഞാൻ ദളപതി വിജയ്‌യേയും അജിത്ത് കുമാറിനേയും കുറിച്ച് സംസാരിക്കുമ്പോൾ അവിടെയുള്ള സ്‌ക്രീനിൽ തൃഷയുടെ ചിത്രം കാണിച്ചു. ഞാൻ ഞെട്ടിപ്പോയി. ആ സമയം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. തൃഷയുടെ ചിത്രം പ്രദർശിപ്പിക്കാൻ ഞാൻ പ്രത്യേകമായി ആവശ്യപ്പെട്ടു എന്ന ആരോപണം നൂറ് ശതമാനം തെറ്റാണ്.’ -അദ്ദേഹം തുടർന്നു. ‘ഒരുപാട് തടസങ്ങൾ മറികടന്നാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തൃഷയ്‌ക്കൊപ്പം അദ്ദേഹം വിവാഹത്തിൽ പങ്കെടുത്ത സംഭവം ഉണ്ടാക്കിയ അത്ര പരിക്ക് അദ്ദേഹത്തിന് കരൂർ ദുരന്തം പോലുമുണ്ടാക്കിയിട്ടില്ല. തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. അതാണ് എന്റെ ഉള്ളിലെ ചിന്ത. അത് പറയണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ഞാൻ സ്‌റ്റേജിലേക്ക് പോയത്.’ -പാർഥിപൻ പറഞ്ഞു.














































