ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലും ഈ വർഷങ്ങളിലും ചർച്ചകൾ നടക്കുന്നതിനിടയിൽ അമേരിക്ക ആക്രമണം നടത്തിയ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ നീക്കങ്ങളിൽ അമേരിക്കയ്ക്ക് ആത്മാർത്ഥതയില്ലെന്നും ചർച്ചകളിൽ അവർ സത്യസന്ധരല്ലെന്നും അതിനാൽ അവരിൽ ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷവും ഇറാൻ ഭരണകൂടം സുസ്ഥിരമാണെന്ന് അരാഗ്ചി അവകാശപ്പെട്ടു. കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരം പുതിയ ആളുകൾ ചുമതലയേറ്റതായും പുതിയ പരമോന്നത നേതാവിനെ അസംബ്ലി ഓഫ് എക്സ്പെർട്സ് ഉടൻ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടാനുള്ള അമേരിക്കൻ ശ്രമങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത് തീർത്തും ഇറാനിയൻ ജനതയുടെ കാര്യമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

















































