തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പോലീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ കയ്യാങ്കളി. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പോലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നിനക്കൊക്കെ അടിക്കണോടാ… എന്നു ചോദിച്ചായിരുന്നു അസഭ്യവർഷം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപിതരാവുന്നതും എസ്‌ഐയെ അടക്കം ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്തെ കോൺഗ്രസ് ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പോലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപണം. പോലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരത്തിലാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കൂടുതൽ കേസുകൾ എടുക്കുമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരി തിരഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരൂരിൽ കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പോലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് ഇത്തരത്തിൽ പോലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുന്നത്.
















































