അബുദാബി∙ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു.
രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും.
അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3 ലക്ഷം രൂപയും തീരുവ ഇളവ് ലഭിക്കും.
സ്വർണത്തിന്റെ കാര്യത്തിലാണ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇനിയങ്ങോട്ട് സ്വർണത്തിന്റെ മൂല്യമല്ല, മറിച്ച് തൂക്കമാണ് കണക്കാക്കുക.
സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മറ്റുള്ളവർക്ക് 20 ഗ്രാം വരെയുമാണ് കൊണ്ടുവരാനാവുക.
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചവർക്കാണ് ഈ ഇളവ്.
18 വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഒരു പുതിയ ലാപ്ടോപ് അല്ലെങ്കിൽ നോട്ട്പാഡ് നികുതിയില്ലാതെ കൊണ്ടുവരാം. ഇത് സാധാരണ അലവൻസിന് പുറമെയാണ്.
അതേസമയം, ടെലിവിഷൻ സെറ്റുകൾ, ബിസ്കറ്റ്/കട്ടി രൂപത്തിൽ ഉള്ള സ്വർണമോ വെള്ളിയോ, രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം, 100 എണ്ണത്തിൽ കൂടുതൽ സിഗരറ്റ് എന്നിവയ്ക്ക് ഇളവ് ലഭിക്കില്ല.
















































