മരട്: കോട്ടയം പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് നാട്ടകം മൂലക്കളത്തിൽ വീട്ടിൽ സുധാ ബേബി (46)യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഹൈക്കോടതി മുൻ ജീവനക്കാരൻ കെ.വി. ഷാജിയെ അറസ്റ്റ് ചെയ്തിരുന്നു. ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കിൽ തള്ളുകയായിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനുസമീപം ട്രെയിൻ ഓടാത്ത പാളത്തിൽ മൃതദേഹം കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിൻ തട്ടിയല്ലെന്ന് കണ്ടെത്തിയത്.
പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് എത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്.
















































