ഗോപാൽഗഞ്ച്: മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനെത്തുടർന്ന് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍.ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള വൈകുണ്ഠ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മകൻ രാംഭരോസെ റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്രാ ദേവിയാണ് (50) കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ദിവസക്കൂലി തൊഴിലാളിയായ രാംഭരോസെ മദ്യം വാങ്ങാൻ അമ്മയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂർച്ചയുള്ള ആയുധവും ഫോറൻസിക് സംഘം കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തിൽ കഴുത്തറുത്തതാണ് മരണകാരണമെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാജേഷ് കുമാർ സ്ഥിരീകരിച്ചു.
പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പിടിയിലായ രാംഭരോസെ റാവത്ത് ഒരു ദിവസക്കൂലി തൊഴിലാളിയാണ്. എന്നാൽ സമ്പാദിക്കുന്ന പണമത്രയും മദ്യത്തിനും മയക്കുമരുന്നിനുമായാണ് ഇയാൾ ചിലവാക്കിയിരുന്നത്. ലഹരിക്ക് പണമില്ലാതെ വരുമ്പോൾ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.












































