ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് സ്ത്രീകളിലേക്കുള്ള നേരിട്ടുള്ള പണമൊഴുക്ക്. 2020-ൽ ഒരു സംസ്ഥാനത്ത് മാത്രമുണ്ടായിരുന്ന ഈ മാതൃക ഇന്ന് 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഏകദേശം 13 കോടി സ്ത്രീകൾക്ക് പ്രതിവർഷം പണമായി തന്നെ നൽകുന്നതിനായി 2.46 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഈ പദ്ധതികളിലൂടെ മാറ്റിവെക്കപ്പെടുന്നത്. ബീഹാറിലെ നിതീഷ് കുമാർ സർക്കാരിന്റെ മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന എന്ന പദ്ധതിയിലൂടെ 10,000 രൂപ നൽകിയതും, തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിന്റെ കലൈഞ്ജർ മഗളിർ ഉരിമൈ തോഗൈയിലൂടെ മൂന്ന് മാസത്തെ അഡ്വാൻസും സമ്മർ പാക്കേജും ഉൾപ്പെടെ 5,000 രൂപ നൽകിയതും, കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീ സുരക്ഷാ പെൻഷൻ സ്കീമിലൂടെ 1,000 രൂപ മാസപെൻഷൻ നൽകാൻ തുടങ്ങിയതും തെരഞ്ഞെടുപ്പിന് മുൻപായുള്ള സ്ത്രീ കേന്ദ്രീകൃത പ്രചരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. നേരിട്ട് സ്ത്രികളുടെ അക്കൗണ്ടിലേക്കാണ് ഈ തുകകൾ നൽകിയതെന്നതും ശ്രദ്ധേയമാണ്.
നമുക്ക് സൗജന്യങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും, വിജയ-പരാജയ കഥകളും, സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളും വിശദമായി തന്നെ പരിശോധിക്കാം. ഡാറ്റ, രാഷ്ട്രീയ ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഈ വിശകലനം മുന്നോട്ടുപോകുന്നു. ആദ്യം തന്നെ ഈ ലിസ്റ്റിൽ സമീപകാലത്തെ ഏറ്റവും വിജയം കണ്ട തെരഞ്ഞെടുപ്പ് തന്ത്രം തന്നെ നോക്കാം. ബീഹാറിലെ 10,000 രൂപ, നിതീഷിന്റെ ‘ദസ് ഹസാരി’ – തെരഞ്ഞെടുപ്പ് വിജയത്തിലെ രഹസ്യായുധം.
2025 നവംബറിലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് നിതീഷ് കുമാർ സർക്കാർ മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന (MMRY) പ്രഖ്യാപിച്ചത്. സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾ ഉൾപ്പെടെ ഓരോ കുടുംബത്തിലും ഒരു സ്ത്രീക്ക് 10,000 രൂപ സംരംഭങ്ങൾ ആരംഭിക്കുന്നതായി സീഡ് ക്യാപിറ്റൽ ആയി നൽകുന്ന പദ്ധതി. അത് ലഭിക്കാനുള്ള യോഗ്യത വളരെ സിംപിൾ ആയിരുന്നു. കുടുംബത്തിലെ ഒരാൾ പോലും ഇൻകം ടാക്സ് അടയ്ക്കുന്ന ആളാവരുത്. അത്രമാത്രം. മുമ്പൊക്കെ ദാരിദ്രരേഖയും വാർഷിക വരുമാനവും ഒക്കെയായിരുന്നു പല പദ്ധതികളുടേയും ഗുണഭോക്താവാനുള്ള യോഗ്യതയായി പരിഗണിച്ചിരുന്നത്. അതിനായി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ടും പലപ്പോഴും കൈക്കൂലി നൽകേണ്ട പ്രതിസന്ധികളും ഈ ഒരൊറ്റ തീരുമാനത്തിലൂടെ നിതീഷ് ലഘൂകരിച്ചു. 2025 ഓഗസ്റ്റ് 29-ന് ബീഹാർ കാബിനറ്റ് അംഗീകാരം നൽകി, ഒക്ടോബർ-നവംബറിൽ 1.81 കോടി സ്ത്രീകൾക്ക് 18,100 കോടി രൂപ ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്ഫർ മുഖേന കൈമാറി. അതിനു ശേഷവും 2026 ഫെബ്രുവരി 16-വരെയുള്ള കണക്കനുസരിച്ച് ആദ്യത്തെ വനിതകൾ കൂടാതെ 25 ലക്ഷം സ്ത്രീകൾക്ക് കൂടി ആകെ 2,500 കോടി രൂപ അധികമായി നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊട്ടുമുമ്പായി വലിയ തുകകൾ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയത് വോട്ടിനുള്ള കൈക്കൂലിയാണെന്നും സർക്കാർ പണം നൽകി വോട്ട് വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. അന്ന് നിതീഷിന്റെ പദ്ധതിയെ അധാർമികവെന്നും അഴിമതിയെന്നും വിമർശിച്ചവരിൽ മുന്നിലുണ്ടായിരുന്ന പാർട്ടികളാണ് കേരളത്തിലെ സിപിഎമ്മും തമിഴ്നാട്ടിലെ ഡിഎംകെയും. ഇത് തടയാതിരുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഇവർ ആഞ്ഞടിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ട്രെൻഡ് വ്യക്തമായിരുന്നു. സാധാരണ സ്ത്രീകളുടെ വോട്ട് ശതമാനം ബീഹാറിൽ 55-56 ശതമാനത്തിനടുത്താണ് വരാറുള്ളത്. എന്നാൽ 2025 ൽ ഇത് 71 ശതമാനത്തിനു മേലേക്ക് ഉയർന്നു. NDA-യുടെ ചരിത്ര വിജയത്തിൽ ഇത് നിർണായകമായി എന്നതിന് വേറെ എന്ത് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയാണ് വേണ്ടത്.
ബീഹാറിലെ തെരഞ്ഞെടുപ്പിൽ നിതീഷിന്റെ വൻ വിജയം കണ്ട അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെ പ്രചരണ തന്ത്രജ്ഞരെല്ലാം അതിലെ വനിത ഇംപാക്ട് കൃത്യമായി തന്നെ മനസിലാക്കി എന്നതാണ് പിന്നീട് വന്ന വാർത്തകൾ നമ്മളെ ബോധ്യപ്പെടുത്തിയത്. നിതീഷിന്റെ പദ്ധതിയെ അധാർമികമെന്നും പണം നൽകിയ വോട്ട് വാങ്ങലുമാണെന്ന് വിമർശിച്ച സിപിഎമ്മും ഡിഎംകെയും അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ പദ്ധതികളുമായി തെരഞ്ഞെടുപ്പിന് മുമ്പേ സ്ത്രീകൾക്ക് നേരിട്ട് പണം നൽകാൻ തുടങ്ങിയിരിക്കുകയാണ്.
ആദ്യം നമുക്ക് തമിഴ്നാട്ടിലെ കാര്യം നോക്കാം. 5,000 രൂപയാണ് തമിഴ്നാട്ടിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സ്റ്റാലിന്റെ തന്ത്രപരമായ അഡ്വാൻസ് പേയ്മെന്റ് തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ ഈ പദ്ധതി നിതീഷിനെപോലെയോ പിണറായി വിജയനെപോലെയോ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പ്രഖ്യാപിച്ച് നടപ്പാക്കിത്തുടങ്ങിയ പദ്ധതിയല്ല.
കലൈഞ്ഞർ മഗളിർ ഉരിമൈ തോഗൈ (KMUT) – ഇതാണ് ഡിഎംകെ സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്. മാസം 1,000 രൂപ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന ഈ പദ്ധതി 2023 ൽ തന്നെ ആരംഭിച്ചതാണ്. 1.31 കോടി വനിതകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. അതായത് തമിഴ്നാട്ടിലെ വനിതാ വോട്ടർമാരുടെ ~40%. പ്രതിവർഷം 12000 കോടി രൂപയാണ് സ്റ്റാലിൻ ഇതിനായി മാറ്റി വെക്കുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ 2026 ഫെബ്രുവരി 13-ന് അവരുടെ അക്കൊണ്ടുകളിലേക്ക് ആയിരത്തിനു പകരം 5,000 രൂപ സർപ്രൈസായി നിക്ഷേപിച്ചത്. ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയും സ്പെഷ്യൽ സമ്മർ പാക്കേജ് ആയി 2000 രൂപയും ചേർത്താണ് 5000 രൂപ നൽകിയത്. ഇതുകൂടാതെ വനിതകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ധാരാളം ആനുകൂല്യങ്ങൾ ഡിഎംകെ സർക്കാർ അവിടെ നിലവിൽ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. അതുകൊണ്ട് ബീഹാറിൽ നിതീഷിനായി പോളിംഗ്ബൂത്തുകളിലേക്ക് ഒഴുകിയ സ്ത്രീപ്രവാഹം തമിഴ്നാട്ടിലും കാണാനാവുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്. ഇതിനോടൊപ്പം സ്റ്റാലിൻ ഒരു വാഗ്ദാനവും നൽകിയിട്ടുണ്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അധികാരത്തിലെത്തിയാൽ ആയിരം എന്നത് രണ്ടായിരം പ്രതിമാസം ആക്കും.
ഇനിയാണ് നമ്മുടെ സ്വന്തം കേരളത്തിലെ കാര്യം. ബീഹാറിലേയും തമിഴ്നാട്ടിലേയും പോലെ കാശെടുത്തു വീശാൻ ഉള്ള സാമ്പത്തിക അവസ്ഥയില്ല കേരള സർക്കാർ. എന്നാലും അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി വിജയൻ. സ്ത്രീപുരോഗമനം എപ്പോഴും പറയുന്ന ഇടതു മുന്നണിക്ക് ഡിഎംകെയുടെയേും നിതീഷിന്റേയും പിന്നിൽ പോകാനാവില്ലല്ലോ.
2025 ഒക്ടോബർ 29-ന് പ്രഖ്യാപിച്ച് 2026 ഫെബ്രുവരി 11-നാണ് കേരള സർക്കാർ സ്ത്രീ സുരക്ഷാ സ്കീം നടപ്പിലാക്കിയത്. 35 നും 60 നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മറ്റ് പെൻഷൻ സ്കീമുകളിൽ ഉൾപ്പെടാത്ത സ്ത്രീകൾക്കും ട്രാൻസ് വുമണിനുമാണ് ഈ പദ്ധതി പ്രകാരം തുക ലഭിക്കുന്നത്. 11 ലക്ഷം പേരോളം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട് എന്നതാണ് നിലവിലെ കണക്കുകൾ.
പദ്ധതി നടപ്പാക്കുന്ന വേളയിൽ പിണറായി പറഞ്ഞത് ഇങ്ങനെയാണ്: “സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ, ആശ്രയമില്ലാതെ ജീവിക്കാൻ സഹായിക്കുന്ന പദ്ധതി ആണ് ഇത്. ഇത് ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല, സാമൂഹിക പരിവർത്തനമാണ്.” ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകൾക്കും 2026 അസംബ്ലി തെരഞ്ഞെടുപ്പിനും മുമ്പുള്ള സംസ്ഥാന സർക്കാരിന്റെ ഒരു തുറുപ്പ് ചീട്ടായി തന്നെയാണ് സിപിഎം ഇതിനെ കാണുന്നത്. വനിതാ ഓറിയന്റഡ് ആയി നടപ്പാക്കി വരുന്ന കേരളത്തിന്റെ ജെൻഡർ ബജറ്റിങ്, പിങ്ക് പൊലീസ് തുടങ്ങിയ പൈലറ്റ് പ്രോജക്ടുകളുടെ തുടർച്ച തന്നെയാണ് ഇതെന്ന് പാർട്ടി വിശദീകരിക്കുന്നു.
സ്ത്രീകളുടെ വോട്ടിങ് ശതമാനം ദേശീയതലത്തിൽ തന്നെ 65-70% കവിയുന്നതായാണ് സമീപ കാല കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ലോക്സഭ, 2025 സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ വോട്ടുകൾ വളരെ നിർണായകമായതായി സ്ട്രാറ്റജിസ്റ്റുകളും കരുതുന്നുണ്ട്. ബീഹാറിലെ NDA വിജയം, ലഡ്കി ബഹിൻ സ്കീം വഴി മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വിജയം, ഝാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്കുള്ള ക്യാഷ് ട്രാൻസ്ഫർ സ്കീമുകൾ വിജയിച്ചത് എല്ലാം തന്നെ സ്ത്രീ വോട്ടർമാരെ ഭരണകൂടം സ്വാധീനിച്ച് നേടിയ വിജയങ്ങളാണ്. തെരഞ്ഞെടുപ്പുകളിൽ പുരുഷ കേന്ദ്രീകൃത പ്രചരണത്തിന്റെ കാലം അവസാനിച്ചു എന്നും ഇത് തുറന്നു കാണിക്കുന്നു.
ഇനി ഈ ട്രന്റുകളുടെ അൽപം മുൻകാല ചരിത്രം കൂടി നമുക്ക് നോക്കാം.
തമിഴ്നാട്ടിലാണ് ഇത്തരം ഫ്രീബി പൊളിറ്റിക്സിന്റെ ആരംഭം എന്ന് തന്നെ പറയാം. മറ്റെല്ലാവരും അന്ന് അത്യധികം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു അത്. 1967-ൽ തമിഴ്നാട്ടിൽ സി.എൻ. അണ്ണാദുരൈയുടെ 1 രൂപയ്ക്ക് 4.5 കിലോ അരി വാഗ്ദാനമാണ് ഫ്രീബീ രാഷ്ട്രീയത്തിന്റെ തുടക്കമായി കാണാവുന്നത്. പിന്നാലെ എം.ജി.ആർ കൊണ്ടു വന്ന ഫ്രീ മീൽസ്, സാരി, ടിവി. ആന്ധ്രയിൽ എൻ.ടി.ആർ നടപ്പാക്കിയ – 2 രൂപയ്ക്ക് അരി. 1990-കളിൽ മിക്സി, ഫാൻ പോലെയുള്ള ഗാഡ്ജറ്റ് ഫ്രീബീകൾ. ഇതെല്ലാം ഇപ്പോഴത്തെ പദ്ധതികളുടെ മുൻഗാമികൾ ആണ്. ആധാർ സീഡിംഗും ബാങ്ക് ട്രാൻസ്ഫരും വന്നതോടെ 2015 നുശേഷം ഫ്രീബി സാധനങ്ങൾക്ക് പകരം പണം തന്നെ നേരിട്ട് ജനങ്ങൾക്ക് എത്തിക്കുന്ന രൂപമായി എന്ന് മാത്രം.
പശ്ചിമ ബംഗാളിൽ മമത നടപ്പാക്കിയ ലക്ഷ്മീർ ഭണ്ഡാർ, മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ ലഡ്ലി ബെഹ്ന, മഹാരാഷ്ട്ര എൻ ഡി എ സർക്കാരിന്റെ ലഡ്കി ബഹിൻ തുടങ്ങിയ പദ്ധതികൾ ഇങ്ങനെ വന്നതാണ്. 2023-25 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ 12 സംസ്ഥാനങ്ങളിൽ ഭരണ തുടർച്ചക്ക് ഈ മാതൃക സഹായകമായി എന്ന് വിലയിരുത്തപ്പെടുന്നു.അതു തന്നെയാണ് നിലവിലെ സർക്കാരുകൾ തെരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നിതിന്റെ കാരണവും.
ഈ സ്കീമുകൾ സാമ്പത്തികമായി സ്ത്രീകളെ ശാക്തീകരിക്കുന്നു എന്നതിൽ തർക്കമില്ല, ഇന്ത്യൻ ജനാധിപത്യം സ്ത്രീകളുടെ ശബ്ദം കേൾക്കുന്നു എന്നതും ഗുണകരമായി കാണേണ്ടതു തന്നെയാണ്. പക്ഷേ ആ ശബ്ദം സുസ്ഥിര വികസനത്തിലേക്ക് നയിക്കേണ്ടതുണ്ട്. ബീഹാറിൽ വിജയിച്ച തന്ത്രം തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും വിജയം കാണുകയാണെങ്കിൽ ഈ മാതൃകകൾ ഭാവി തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കപ്പെടും. രാഷ്ട്രീയക്കാർ വോട്ടിനായി പണം നൽകുമ്പോൾ, വോട്ടർമാർ ദീർഘകാല ആവശ്യങ്ങൾ കൂടി ചോദിക്കണം. വ്യക്തിപരമായി ലഭിക്കുന്ന തുകക്കൊപ്പം രാജ്യത്തിന്റെ പൊതുവായ അവസ്ഥ കൂടി മുന്നേറണം. അതാണ് യഥാർത്ഥ ജനാധിപത്യം. നിങ്ങൾക്ക് എന്ത് തോന്നുന്നു, ബീഹാറിൽ നിതീഷിനു ലഭിച്ച പിന്തുണ കേരളത്തിലേയും തമിഴ്നാട്ടിലേയും സ്ത്രീകളിൽ നിന്ന് പിണറായി വിജയനും സ്റ്റാലിനും ലഭിക്കുമോ.















































