പട്ന: ബിഹാറിലെ സ്കൂൾ, കോളജ് പരിസരങ്ങളിൽ മത്സ്യവും മാംസവും അനധികൃതമായി വിൽക്കുന്നത് നിരോധിക്കുമെന്ന് ഉപ മുഖ്യമന്ത്രി വിജയ് സിൻഹ. കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആൾകൂട്ടമുള്ള തുറന്ന സ്ഥലങ്ങളിൽ വിൽപ്പന അനുവദിക്കില്ലെന്ന് കാട്ടി ബിഹാർ സർക്കാർ ഉത്തരവിറക്കിയിരുന്നു. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും അനധികൃത മാംസ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. ലൈസൻസുള്ളവർക്കു മാത്രമേ മത്സ്യവും മാംസവും വിൽക്കാൻ കഴിയൂ.
റോഡരികിലെ കടകളിൽ വഴിയാത്രക്കാർ കാണുന്ന രീതിയിൽ മത്സ്യവും മാംസവും പ്രദർശിപ്പിക്കാൻ പാടില്ല. ‘‘സർക്കാർ ഇതിനായി ചട്ടങ്ങൾ രൂപീകരിക്കുകയാണ്. നിയമം കർശനമായി നടപ്പിലാക്കും’’– മന്ത്രി പറഞ്ഞു. അരാധനാലയങ്ങളുടെ 500 മീറ്റർ പരിസരത്ത് മാസം വിൽക്കുന്നത് 2025 മാർച്ചിൽ യുപി സർക്കാർ നിരോധിച്ചിരുന്നു.















































