പാലക്കാട്: പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍. ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസിലെ ഒന്നാം പ്രതി അബ്ദുൽ സലാമാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോടതി വരാന്തയിൽ വച്ചാണ് സംഭവം.
‘നീയും കേസിലെ സാക്ഷിയല്ലേ എനിക്കെതിരെ മൊഴി പറഞ്ഞാൽ ഇവിടെത്തന്നെ വരണമല്ലോ നിന്നെ ഞാൻ ശരിയാക്കി തരാം’ എന്നാണ് ഭീഷണി. സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. ബിഎൻഎസ് 232(1) പ്രകാരമാണ് കേസെടുത്തത്. കേസിലെ എയിഡ് പ്രോസിക്യൂഷൻ സഹായിയാണ് ഉദ്യോഗസ്ഥൻ.
നേരത്തെ ഉദ്യോഗസ്ഥനെ എയിഡ് പ്രോസിക്യൂഷൻ സഹായിയിൽ നിന്ന് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് വീണ്ടും നിയമിച്ചത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ രണ്ടാം സാക്ഷിയെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 2021 നവംബർ15-നാണ് ഭാര്യയോടൊത്ത് ബൈക്കിൽ സഞ്ചരിക്കവേ സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. കേസിൽ 24 പ്രതികളുണ്ട്.















































