ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യ പാക്കിസ്ഥാന്റെ കിരാന ഹിൽസ് ആണവ സംഭരണശാലയിലും മിസൈലാക്രമണം നടത്തിയിരുന്നുവെന്ന് നിർണായക വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാനവിദഗ്ധൻ ടോം കൂപ്പറാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിനിടെയാണ് ഈ ആക്രമണം നടന്നതെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. എന്നാൽ ഈ വാദം ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചു. പാക്കിസ്ഥാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് കിരാന ഹിൽസ് അറിയപ്പെടുന്നത്.
ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാന് നൽകിയ ശക്തമായ ഒരു സന്ദേശമായിരുന്നുവെന്ന് കൂപ്പർ നിരീക്ഷിക്കുന്നു. ‘ഞങ്ങൾക്ക് എവിടെയും എപ്പോഴും ആക്രമിക്കാൻ സാധിക്കുമെന്നും ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു. 88 മണിക്കൂർ നീണ്ടുനിന്ന യുദ്ധത്തിനിടയിൽ 2025 മേയ് 10-നായിരുന്നു ഈ നിർണായക ആക്രമണം നടന്നതെന്ന് അദ്ദേഹം പറയുന്നു.
മാത്രമല്ല ഇന്ത്യയുടെ ആക്രമണത്തെ സാധൂകരിക്കുന്ന ഒന്നിലധികം തെളിവുകൾ തന്റെ പക്കലുണ്ടെന്ന് കൂപ്പർ അവകാശപ്പെട്ടു. മിസൈലുകൾ മലനിരകളിൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പാക്കിസ്ഥാൻ വ്യോമസേനയുടെ 4091-ാം സ്‌ക്വാഡ്രന്റെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യൻ വ്യോമസേന ആദ്യം പാക്കിസ്ഥാന്റെ റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനുശേഷം ഭൂഗർഭ സംഭരണശാലയുടെ രണ്ട് കവാടങ്ങളിൽ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഈ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചിരുന്നു. കിരാന ഹിൽസിലെ ഭൂഗർഭ ഭാഗങ്ങളിൽ ആക്രമണം നടന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. എങ്കിലും, ആക്രമണത്തിന് പിന്നാലെ വെടിനിർത്തലിനായി പാക്കിസ്ഥാൻ അമേരിക്കയെയും ഇന്ത്യയെയും സമീപിച്ചത് സംഭവത്തിന്റെ സത്യാവസ്ഥ വെളിവാക്കുന്നുണ്ടെന്ന് കൂപ്പർ കൂട്ടിച്ചേർത്തു.
അതുപോലെ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യക്തമായ വിജയം നേടിയെന്നാണ് കൂപ്പറിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാരണം പാക്കിസ്ഥാന്റെ പ്രത്യാക്രമണമായ ‘ഓപ്പറേഷൻ ബുന്യാൻ-ഉൻ-മർസൂസ്’ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഓപ്പറേഷൻ ബുന്യാൻ-ഉൻ-മർസൂസ്’ പരാജയപ്പെടാൻ പ്രധാന കാരണം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആയിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പാക്കിസ്ഥാന്റെ ശേഷി ഇല്ലാതാക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആദ്യം അവരുടെ റഡാർ സ്റ്റേഷനുകൾ തകർത്തു. ഇതിനുപിന്നാലെപാക്കിസ്ഥാൻ നടത്തിയ പ്രത്യാക്രമണ ശ്രമങ്ങളെ ഇന്ത്യയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതാണ് ഈ ഓപ്പറേഷൻ പരാജയപ്പെടാൻ കാരണമായതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

















































