കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് ആംബുലൻസിന് വഴിയൊരുക്കുക. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻറെ അവയവങ്ങളാണ് അഞ്ചുപേർക്ക് പുതുജീവനേകുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുക. ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.










































