കോഴിക്കോട്: ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ ഇന്ത്യയുടെ ഗതി തെറ്റുമായിരുന്നെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ജോസിപ് ബ്രോസ് ടിറ്റോക്ക് ശേഷം യുഗോസ്ലാവിയക്ക് സംഭവിച്ചത് പോലെ ഇന്ത്യയും ശിഥിലീകരിക്കപ്പെടുമായിരുന്നു. സൈനിക അട്ടിമറികൾക്ക് കീഴ്പ്പെടുന്ന പാകിസ്താന്‍റെ വലിയൊരു രൂപമായി ഇന്ത്യ മാറുമായിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി. ഭാഷയാലും മതത്താലും വിഭജിക്കപ്പെടുന്ന ഒരു കൂട്ടം ‘സ്താനുകൾ’ ആയേനെ. ഇന്ത്യ എന്ന ആശയത്തിന് വേരുകൾ പടർത്താൻ സമയം കിട്ടിയത് 17 വർഷം നെഹ്റു അധികാരത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഒരു രാഷ്ട്രമാകുന്നതിനുള്ള സമയം നമുക്ക് കിട്ടിയത് നെഹ്റു പ്രധാനമന്ത്രിയായത് കൊണ്ടാണെന്നും ശശി തരൂർ വ്യക്തമാക്കി.
ബി.ജെ.പി സർക്കാറിന് നെഹ്റുവിന്‍റെ ഓർമകൾ മായ്ക്കാനാവില്ല. ശിലയിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തി കളയാനും പദ്ധതിയുടെ പേരു മാറ്റാനും പാഠപുസ്തകങ്ങൾ തിരുത്തി എഴുതാനും സാധിച്ചേക്കാം. ഓരോ തവണയും ഇന്ത്യയുടെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തുമ്പോഴും ഓരോ ഐ.ഐ.ടി വിദ്യാർഥിയും വിദേശത്ത് വിജയപഥങ്ങൾ താണ്ടുമ്പോഴും ആണവായുധത്തിന്‍റെ ബലത്തിൽ യുദ്ധങ്ങൾ ഒഴിവാക്കുമ്പോഴും ഓരോ തവണയും ആണവ നിലയത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പിൽ പൗരന്മാർ ഓരോ തവണയും വോട്ട് ചെയ്യുമ്പോഴും നെഹ്റുവിന്‍റെ പൈതൃകം ഊട്ടിയുറപ്പിക്കപ്പെടും.
സ്മാരകങ്ങൾക്ക് മുകളിൽ മാത്രമല്ല നെഹ്റുവിന്‍റെ പാദമുദ്രകളുള്ളതെന്നും രാജ്യത്തിന്‍റെ ഡി.എൻ.എയിൽ തന്നെ അത് പതിഞ്ഞിരിക്കുന്നു. ഏവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പ്രതിരോധ വ്യൂഹത്തിലെ ഒരു കാലാളാണ് താൻ. വിശ്വാസം ആധാരമാക്കിയുള്ള ഭൂരിപക്ഷവാദ ദേശീയതയിലേക്കുള്ള മാറ്റത്തെയാണ് നിലവിലെ കേന്ദ്ര സർക്കാർ പ്രതിനിധാനം ചെയ്യുന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിൽ നെഹ്റുവിന്‍റെ പൈതൃകമാണ് ബൗദ്ധികമായി തന്റെ പ്രധാന ആയുധമെന്ന് ശശി തരൂര്‍ പറഞ്ഞു.
















































