ബെംഗളൂരു: മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ യുവതികൾ കാറിലിടിക്കുകയും പിന്നാലെ കാർ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. തടയാനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു. ശനിയാഴ്ച രാത്രി ഹൂളിമാവിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന രണ്ട് യുവതികളും ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.
രാത്രി സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ടാക്‌സി കാറിന്റെ പിറകിലിടിച്ചു. ഇതോടെ ടാക്‌സി ഡ്രൈവറായ അഹമ്മദ് വാഹനം നിർത്തി പുറത്തിറങ്ങുകയും വാഹനം ഇടിച്ചത് ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെ തർക്കം ഉടലെടുത്തു. പിന്നാലെ യുവതികൾ അക്രമാസക്തരായി. ഇവർ ഡ്രൈവറെ അസഭ്യംപറയുകയും ഹെൽമെറ്റ് ഉപയോഗിച്ച് മർദിക്കുകയുംചെയ്തു.
സംഭവം കണ്ട് പ്രശ്‌നപരിഹാരത്തിനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു. സംഘർഷത്തിനിടെ കൈകളിൽ ചുറ്റിയ ചങ്ങല കൊണ്ടും യുവതികൾ ടാക്‌സി ഡ്രൈവറെ മർദിച്ചതായാണ് വിവരം. തടയാനെത്തിയ ചിലരെ ഇവർ ചവിട്ടിവീഴ്ത്താൻ ശ്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർക്ക് നേരേ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.
















































