തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ആറ്റിങ്ങൽ എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മൊഴി നൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നോടു ചോദിച്ചത് പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. താൻ നൽകിയ മറുപടിയിൽ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടി ആണെന്നും ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പറഞ്ഞു. അതുപോലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചിട്ടില്ലെന്നും തന്റെ മറുപടിയിൽ അവ്യക്ത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ചോദ്യംചെയ്യാൻ വിളിച്ചിപ്പിച്ചതിൽ അസ്വാഭാവികത ഉള്ളതായി കരുതുന്നില്ലെന്നും മാധ്യമങ്ങളോട് യുഡിഎഫ് കൺവീനർ പറഞ്ഞു.
അതേസമയം ശബരിമല സ്വർണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഫോട്ടോകൾ നേരത്തെ പുറത്തുവരികയും ശക്തമായ ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് രാവിലെയാണ് അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. മൂന്നുമണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. എന്നാൽ, തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം.
ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടി യുഡിഎഫ് കൺവീനറെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിനെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.












































