മത്സരം ആവേശ കൊടുമുടിയിൽ… ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പം, വിജയിക്കായി സൂപ്പർ ഓവറിലേക്ക്… ബോൾ ചെയ്യാനെത്തുന്നത് നിർണായക ഘട്ടങ്ങൾ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച അർഷ്ദീപ്. തൊടുത്തുവിട്ട ആദ്യ പന്തിൽ തന്നെ കുശാൽ പെരേരയെ സ്വീപ്പർ കവറിൽ റിങ്കു സിംഗിൻറെ കൈകളിലെത്തിച്ച് അർഷ്ദീപ് ശ്രീലങ്കയെ ടെൻഷന്റെ കൊടുമുടി കയറ്റി. അടുത്ത ബാറ്റായി എത്തിയത് കാമിന്ദു മെൻഡിസ്. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ ഷനക ബീറ്റണായി. നാലാം പന്തിൽ അർഷ്ദീപ് വൈഡ് വഴങ്ങിയതോടെ സൂപ്പർ ഓവറിലെ ശ്രീലങ്കയുടെ സ്കോർ ബോർഡിൽ രണ്ട് റൺ. വീണ്ടുമെറിഞ്ഞ നാലാം പന്തിലായിരുന്നു മനോഹരവും നാടകീയവുമായ സംഭവങ്ങൾ.
തൻ്റെ നാലാമത്തെ പന്ത് അർഷ്ദീപ് എറിഞ്ഞു. ബാറ്ററായ ദസൂൻ ഷണകയ്ക്ക് അതിനെ സ്പർശിക്കാനായില്ല. എങ്കിലും അയാൾ ഒരു റണ്ണിനുവേണ്ടി പാഞ്ഞു. വിക്കറ്റിന് പിന്നിൽ നിന്ന് പന്ത് പിടിച്ച സഞ്ജു മനോഹരമായൊരു അണ്ടർ ആം ത്രോ പാഞ്ഞെത്തി. സ്റ്റംമ്പുകളുടെ സ്ഥാനം തെറ്റി! അമ്പയർ വിരൽ ഉയർത്തി-ഔട്ട്!! സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ അലറി-
”Well done Sanju Samson…!!”
ടെലിവിഷൻ സ്ക്രീനിൽ ആ നിമിഷം സ്ലോമോഷൻ റീപ്ലേ ദൃശ്യമായതോടെ അക്ഷരാർഥത്തിൽ രോമാഞ്ചം… ത്രോ ചെയ്യുന്ന സഞ്ജുവിൻ്റെ ക്ലോസ് അപ്… ആ കണ്ണുകൾ, തല ചെരിച്ചുള്ള ആ ആക്ഷൻ. ഇരയെ വേട്ടയാടാൻ ഉന്നംവെച്ച് പതിയിരിക്കുന്ന കഴുകന്റെ തീക്ഷണത…
എന്നാൽ ക്രിക്കറ്റിൽ വിചിത്രമായ ചില നിയമങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആ വിക്കറ്റ് പിന്നീട് ഇന്ത്യയ്ക്ക് നിഷേധിക്കപ്പെട്ടു. പക്ഷേ കളി കണ്ട ആരും സഞ്ജു നിന്റെ ആ ത്രോ മറക്കുമെന്ന് തോന്നുന്നില്ല…
ദസുൻ ഷനകയെ പുറത്താക്കാൻ ബൗളറായ അർഷ്ദീപ് സിങ് അപ്പീൽ ചെയ്തെങ്കിലും റിവ്യൂ നൽകിയ ഷനകക്ക് മൂന്നാം അമ്പയർ ക്ലീൻ ഷീറ്റ് നൽകുകയായിരുന്നു. ഇതോടെ പന്ത് ഡെഡ് ആകുകയും റണ്ണൗട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യൻ താരങ്ങളും അമ്പയറോട് ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്പയർ ബോൾ ഡെഡ്ഡായെന്ന് സൂചിപ്പിക്കുകയായിരുന്നു.
എന്നാൽ കളിയുടെ ആ ആവേശം അവിടംകൊണ്ടൊന്നും കൊണ്ടൊന്നും അവസാനിച്ചില്ല, അർഷ്ദീപിൻറെ അടുത്ത പന്തിൽ ജിതേഷ് ശർമയുടെ കൈകളിലേക്ക് ഷനക പുറത്ത്. സൂപ്പർ ഓവറിൽ 2 റൺസ് മാത്രമെടുത്ത് ലങ്ക ഉയർത്തിയ 3 റൺസ് വിജയലക്ഷ്യം ഇന്ത്യ ആദ്യ പന്തിൽ തന്നെ അടിച്ചെടത്തു.
അതേസമയം നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിഷേകിന് പുറമേ സഞ്ജു സാംസണും തിലക് വർമയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 31 പന്തിൽ രണ്ട് സിക്‌സും എട്ട് ബൗണ്ടറികളുമടക്കം 61 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാർദിക് പാണ്ഡ്യ രണ്ട് റൺസെടുത്ത് പുറത്തായി. തിലക് വർമ 49 റൺസെടുത്തും അക്ഷർ പട്ടേൽ 21 റൺസെടുത്തും പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് അവസാന രണ്ടോവറിൽ 23 റൺസാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 11 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ ലക്ഷ്യം 12 റൺസായി മാറി. ഓവറിലെ ആദ്യ പന്തിൽ നിസങ്ക പുറത്തായത് ലങ്കയെ പ്രതിരോധത്തിലാക്കി. എന്നാൽ ഷാനക സ്‌കോർ കണ്ടെത്തിയതോടെ അവസാന പന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാന പന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.