ന്യൂഡൽഹി: സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ സുരക്ഷാ നിർദ്ദേശങ്ങളും ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള സുരക്ഷാപരിശോധനങ്ങൾ കർശനമാക്കണമെന്നാണ് നിർദ്ദേശം. രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം. സംസ്ഥാനത്ത് കൊല്ലത്തും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചിരുന്നു.
സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, എമർജൻസി എക്സിക്റ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം, അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണം, കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിങ്ങും മറ്റ് നടപടികളും സ്വീകരിക്കണം, അപകടങ്ങളോ മറ്റു സമാന സംഭവങ്ങളോ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്.