കോഴിക്കോട്: തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബറിടത്തിലും അല്ലാതെയും നിരവധി ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
“ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. എന്നാൽ സ്വന്തം നേതാവിനെ സൈബറിടത്തിൽ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം. സൈബറിടത്തിലും അല്ലാതെയുമായി നിരവധി ആക്രമണങ്ങൾ നേരിട്ടുകഴിഞ്ഞു. ഇതൊന്നും എന്നെ ബാധിക്കില്ല,” എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷ വിനോദിനെയും കെ.സി. വേണുഗോപാൽ സന്ദർശിച്ചു. ഇതിനിടെയാണ് തനിക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികളാണെന്നാണ് റിപ്പോർട്ട്. സിജു സാമുവൽ, ഹംസ കെ.പി., ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൽ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നിവരുടെ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
ഇവരിൽ രണ്ട് പേരുടെ പ്രൊഫൈൽ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ളതായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ സജീവമായ ഘട്ടത്തിലാണ് കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായത്.
കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചെന്ന പരാതിയിലും നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.





