താരസഹോദരിമാരായ അംബികയും രാധയും തമ്മിലുള്ള കോടികളുടെ സ്വത്തുതർക്കവും പരസ്പര ആരോപണങ്ങളും വലിയ ചർച്ചയാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്ത വലിയ ആസ്തിയെച്ചൊല്ലി സഹോദരിമാർ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ഏറെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന അംബികയും രാധയും ഇന്ന് സ്വത്തുതർക്കത്തിന്റെ പേരിൽ പൊലീസ് പരാതിയും നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് സരസമ്മയുടെ ത്യാഗപൂർണമായ ഓർമകളെ വേദനിപ്പിക്കുന്നതാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
ആലപ്പി അഷറഫിന്റെ വാക്കുകൾ:
‘‘നുണകൾ എത്ര വലുതായാലും ചെറുതായാലും അത് വിശ്വാസത്തിന്റെ അടിവേരറുക്കും. കെണിയിൽ അകപ്പെട്ടവർ വീഴുന്നത് അപരിചിതർ ഒരുക്കുന്ന കുഴിയിലല്ല, ആത്മമിത്രങ്ങളുടെ വഞ്ചനയിലാണ്. നടി അംബികയും രാധയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലെ ശരിതെറ്റുകളിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
കഴിഞ്ഞ തലമുറയിലെ സൗത്ത് ഇന്ത്യൻ താരറാണികളായിരുന്നു നടി അംബികയും നടി രാധയും. ഈ സഹോദരിമാർ ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പണ്ടൊക്കെ ഇവർ വാർത്തകളിൽ നിറഞ്ഞിരുന്നത് അഭിനയമികവിന്റെയും സൗന്ദര്യത്തിന്റെയും സാഹോദര്യ സ്നേഹത്തിന്റെയും ഒക്കെ മൂർത്തിഭാവങ്ങളായിട്ടായിരുന്നു. എന്നാൽ, ഈ സഹോദരിമാർ ഇപ്പോൾ സ്വത്തിന്റെയും സ്വർണത്തിന്റെയും പേരിൽ പൊതുവിടത്തിൽ വന്നിരുന്നുകൊണ്ട് പരസ്പരം ചെളിവാരിയെറിഞ്ഞു വിഴുപ്പലക്കുകയാണ്. കോടികളുടെ തട്ടിപ്പുകൾ നടത്തി എന്ന് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തി പൊലീസും കേസും കോടതിയുമായി കാര്യങ്ങൾ ചീഞ്ഞുനാറുകയാണ്. ഇന്നീ പെൺമക്കൾ തമ്മിൽ ശതകോടികൾക്ക് വേണ്ടി കടിപിടികൂടുമ്പോൾ ഇവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്; ഇവരുടെ അമ്മയായ കല്ലറ സരസമ്മ എന്ന സ്നേഹനിധിയായ അമ്മ സഹിച്ച ത്യാഗത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ചരിത്രം.
1977-ൽ, ഏതാണ്ട് 49 വർഷങ്ങൾക്ക് മുൻപ്, ഞാൻ രാമു കാര്യാട്ട് സാറിന്റെ ‘ദ്വീപ്’ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. മിനിക്കോയ് ദ്വീപിലെ ആദ്യ ഷെഡ്യൂളിനു ശേഷം തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോയിലായിരുന്നു രണ്ടാമത്തെ ഷെഡ്യൂൾ ഷൂട്ടിങ്. സംവിധായകൻ ഉൾപ്പെടെ എല്ലാവരും തങ്ങിയിരുന്നത് മെറിലാൻഡ് സ്റ്റുഡിയോയിൽ തന്നെയായിരുന്നു. ഒരു ദിവസം ഒരു ചെറുപ്പക്കാരി ഒരു കുട്ടിയുമായി മെറിലാൻഡ് സ്റ്റുഡിയോയുടെ ഗേറ്റിന് വെളിയിൽ നിൽക്കുന്നത് ഞാൻ കണ്ടു. സെക്യൂരിറ്റി അവരെ അകത്തേക്ക് വിടാതെ തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു. ഞാൻ അവരുടെ അടുക്കലേക്ക് ചെന്നപ്പോൾ അവർ എന്നോട് പറഞ്ഞു: ‘മോനെ, എനിക്ക് രാമു കാര്യാട്ട് സാറിനെ ഒന്ന് കാണണം.’ എന്ന് പറഞ്ഞുകൊണ്ട് ഒരു ന്യൂസ് പേപ്പർ കഷ്ണം എന്റെ നേരെ നീട്ടി. അത് ആ കുട്ടി ബാലജനസഖ്യത്തിന്റെ മത്സരത്തിൽ പങ്കെടുത്ത പ്രൈസ് കിട്ടിയതിന്റെ ഫോട്ടോയും വാർത്തയുമായിരുന്നു. ഞാൻ അപ്പോൾ തന്നെ അവരെ കാര്യാട്ട് സാറിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. സാർ ആ കുട്ടിക്ക് ആ സിനിമയിൽ ഒരു ചെറിയ വേഷവും നൽകി. ആ അമ്മയും മകളുമാണ് കല്ലറ സരസമ്മയും അംബികയും.
അന്ന് ആ സ്റ്റുഡിയോയുടെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞുനിർത്തിയ അമ്മയും മകളും പിൽക്കാലത്ത് ആയിരക്കണക്കിന് കോടികളുടെ അധിപതിയാകുമെന്നും മകൾ താരറാണിയായി മാറുമെന്നും അന്നെന്റെ മനസ്സിന്റെ കോണിൽ പോലും ചിന്തിച്ചിരുന്നില്ല. അവിടം മുതൽ ആ അമ്മ മകളെയും കൂട്ടി യാത്ര ആരംഭിച്ചതാണ്. തന്റെ മകളെ വലിയൊരു നടിയായി, താരമായി മാറ്റുന്നതിനായി ഇതുപോലെ പല വാതിലുകളിലും അവർ മുട്ടി; പലതും അവർക്കായി തുറക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും അതൊന്നും എടുത്തു പറയാവുന്നതായിരുന്നില്ല.
പിന്നീട് നായികയായി ഒരു മുഴുനീള കഥാപാത്രമായി ശ്രദ്ധിക്കപ്പെടുന്നത് യൂസഫലി കേച്ചേരി സംവിധാനം ചെയ്ത, എം. ടി. വാസുദേവൻ നായരുടെ ‘നീലത്താമര’ എന്ന ചിത്രത്തിലെ ‘കുഞ്ഞിമാളു’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിക്കൊണ്ടാണ്. ആ കഥാപാത്രം അംബികയെ ഒരു നല്ല നടി എന്ന നിലയിൽ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീട് അവരുടെ ഒരു ജൈത്രയാത്രയായിരുന്നു. മലയാള സിനിമയിലെ അക്കാലത്തെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി അവർ അഭിനയിച്ചു. കൈനിറയെ ചിത്രങ്ങളും ഒപ്പം പ്രശസ്തിയുടെ പടവുകളും കയറാൻ തുടങ്ങി. ആ പ്രശസ്തി അവർക്ക് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കുള്ള കടന്നുവരവിന് കളമൊരുക്കി.
അംബിക ശരിക്കും കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങൾ സഹിച്ചുമാണ് ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറിയതെങ്കിൽ, അനുജത്തി രാധ ചേച്ചിയിലൂടെ ലഭിച്ച സൗഭാഗ്യങ്ങളുടെയും സുഖലോലുപതയുടെയും നടുവിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. അംബികയുടെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും തണൽ പറ്റിക്കൊണ്ടാണ് ഉദയചന്ദ്രിക എന്ന അനുജത്തി ഉദയം കൊള്ളുന്നത്. ഒരർഥത്തിൽ അംബിക ഇല്ലായിരുന്നുവെങ്കിൽ രാധ എന്ന നടി ഉണ്ടാകില്ല എന്ന് തന്നെ പറയാം. ആ ഉദയചന്ദ്രികയാണ് ഇന്നത്തെ രാധ. ഭാരതിരാജ സംവിധാനം ചെയ്ത ‘അലൈകൾ ഓയിവതില്ലൈ’ എന്ന ചിത്രത്തിൽ കാർത്തിക്കിന്റെ നായികയായിട്ടായിരുന്നു രാധയുടെ അരങ്ങേറ്റം. ആ ചിത്രം എക്കാലത്തെയും ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പിന്നീട് രാധയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരുകാലത്ത് ഈ സഹോദരിമാർ തമിഴ് സിനിമ അടക്കി വാഴുകയായിരുന്നു. തമിഴിലെയും തെലുങ്കിലെയും എല്ലാ സൂപ്പർ നായകന്മാരോടൊപ്പവും ഇവർ നിറഞ്ഞാടുകയായിരുന്നു.
മക്കളുടെ ഈ ഉയർച്ചയിൽ സരസമ്മ എന്ന ആ അമ്മ ഒരിക്കലും അമിതമായി ആഹ്ലാദിക്കുകയോ അമിതമായി അഹങ്കരിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, എല്ലാവരോടും വലിപ്പചെറുപ്പമൊന്നുമില്ലാതെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഭവ്യതയോടെയും മാത്രമേ അവർ പെരുമാറിയിട്ടുള്ളൂ. വന്ന വഴി ഒരിക്കലും മറക്കാത്ത വ്യക്തിയായിരുന്നു സരസമ്മച്ചേച്ചി. ഒരിക്കൽ യാദൃച്ഛികമായി അവരോടൊത്ത് കാറിൽ കുറച്ചു ദൂരം യാത്ര ചെയ്യേണ്ടതായി വന്നു. അപ്പോൾ അവർ എന്നോട് ചോദിച്ചു: “മോനെ, നമ്മൾ ആദ്യം കണ്ടുമുട്ടിയ രംഗം ഓർമയുണ്ടോ?” എന്ന്. ഞാൻ ഓർമയുണ്ടെന്ന രീതിയിൽ തലയാട്ടിയപ്പോൾ അവർ പറഞ്ഞു: “ആ കൂടിക്കാഴ്ച ഞാൻ മറന്നിട്ടില്ല, ഒരിക്കലും മറക്കില്ല.” എന്ന്. അതാണ് ഞാൻ പറഞ്ഞത്, അവർ വന്ന വഴി മറക്കുന്നവരല്ലെന്ന്. സരസമ്മച്ചേച്ചിയുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത ഭൂമി വാങ്ങിക്കൂട്ടുക എന്നതാണ്. എത്ര ഭൂമി വാങ്ങിക്കൂട്ടിയാലും അവർക്ക് തൃപ്തിയാകില്ല. തന്റെ കുട്ടികൾ അഭിനയിച്ചു കിട്ടുന്ന പ്രതിഫലം പാഴാക്കിക്കളയാതെ അപ്പോഴപ്പോൾ അതിന് ഭൂമി വാങ്ങുമായിരുന്നു. സരസമ്മച്ചേച്ചിയുടെ ഇളയ മകൻ സുരേഷ് എന്റെ ഒരു പടത്തിൽ നായകനായി അഭിനയിച്ചിരുന്നു. ആ സമയത്ത് സുരേഷ് എന്നോട് അമ്മയുടെ ഭൂമി വാങ്ങിക്കൂട്ടൽ ക്രേസിനെ കുറിച്ച് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആ സ്ഥലത്തെക്കുറിച്ച് അമ്മ പറഞ്ഞു: ‘ഇനി അവിടെ വലിയ വികസനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ അവിടെ സ്ഥലത്തിന് തീരെ വിലകുറവാണെങ്കിലും ഇനി വലിയ രീതിയിൽ വില കൂടാൻ സാധ്യതയുണ്ട്.’ അമ്മ അങ്ങനെ പറഞ്ഞത് മാത്രമല്ല, അവിടെ ചെന്ന് ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലും ഒക്കെയായി പലയിടങ്ങളിലും അവർ വസ്തുക്കൾ വാങ്ങിക്കൂട്ടി. എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയ്ക്ക് വേണ്ടി മദ്രാസിലെ പോരൂരിൽ വാങ്ങിയത് 40 ഏക്കർ ഭൂമിയാണ്. ഈ വസ്തുക്കളെല്ലാം കൂടിക്കിടന്ന് ഇന്നത് ആയിരക്കണക്കിന് കോടികളുടെ ആസ്തിയായി മാറിയിരിക്കുകയാണ്. ഇവിടെയാണ് ആ അമ്മയുടെ ദീർഘവീക്ഷണം നാം മനസ്സിലാക്കേണ്ടത്. തന്റെ മക്കൾക്ക് അഭിനയത്തിലൂടെ പ്രതിഫലമായി ലഭിച്ച പണം ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ അത് പത്തോ പതിനഞ്ചോ കോടിയിൽ ഒതുങ്ങുമായിരുന്നു. ഒരു പൈസ പോലും ദൂർത്തടിക്കാതെയാണ് അവർ ഇത്രയും കോടികൾ സമ്പാദിച്ചു കൂട്ടിയത്.
സരസമ്മച്ചേച്ചിക്ക് അഞ്ചു മക്കളാണുള്ളത്; മൂന്ന് പെൺകുട്ടികളും രണ്ട് ആൺമക്കളും. സരസമ്മച്ചേച്ചി ജീവിച്ചിരുന്ന കാലത്ത് ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം ആരിലും അസൂയ ഉളവാക്കും വിധമായിരുന്നു, പ്രത്യേകിച്ച് അംബികയും രാധയും തമ്മിൽ. ഇവരുടെ സ്നേഹവും സന്തോഷവും കണ്ട് ഒരുപാട് സന്തോഷിച്ചു കടന്നുപോയ സരസമ്മച്ചേച്ചിയുടെ ആത്മാവിന് തീരാ വേദനയാണ് ഇന്നവർ കാട്ടിക്കൂട്ടുന്ന വഴക്കും വക്കാണവും നൽകുന്നതെന്ന് അവർ ഓർക്കുന്നില്ലല്ലോ. ആദ്യം പൊതുസമൂഹത്തിന്റെ മുൻപാകെ ഗദ്ഗതത്തോടെ കണ്ണീരൊഴുക്കി ആവലാതികളുമായി എത്തിയത് രാധയാണ്. രാധ പറഞ്ഞത് തന്റെ സഹോദരിയായ അംബികയും സഹോദരനായ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തു എന്ന രീതിയിലാണ്. അത് മറ്റുള്ളവർ വിശ്വസിക്കും വിധം അതിനോട് ചേർത്ത് പല ഉപകഥകളും അവർ വിവരിച്ചിരുന്നു.
സ്വന്തം ചേച്ചിയെ അല്ലാതെ മറ്റാരെയാണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യവും അവർ ഉയർത്തിയിരുന്നു. എന്നാൽ ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്; രാധയുടെ അക്കൗണ്ടിൽ നിന്നും 46 കോടി പോയിട്ട് 46 പൈസ പോലും പോയിട്ടില്ല എന്ന സത്യം. ഇത് രാധയുടെ ഭർത്താവായ രാജശേഖരൻ സാക്ഷ്യപ്പെടുത്തിയതുമാണ്. രാധ പറഞ്ഞ ഈ കഥകൾ കേട്ട പൊതുമാധ്യമങ്ങൾ അത് ഏറ്റെടുത്ത് വലിയ ആഘോഷമാക്കി. അത് അംബികയുടെ ഇമേജിന് വലിയ അപമതിപ്പുണ്ടാക്കി. എന്നാൽ സിനിമയിലെ ക്ലൈമാക്സ് പോലെ അംബിക പ്രത്യക്ഷപ്പെട്ട് രാധയുടെ വാദങ്ങളെ അപ്പാടെ പൊളിച്ചടുക്കി മടക്കിക്കൊടുത്തു. അംബിക, അനുജത്തി രാധയുടെ ചെറുപ്പം മുതലുള്ള സ്വർണത്തോടും പണത്തോടുമുള്ള ഒരിക്കലും അടങ്ങാത്ത ആർത്തിയെ കുറിച്ച് വിവരിക്കുന്നുണ്ട്.
കുടുംബത്തിൽ ഒതുങ്ങി നിൽക്കേണ്ട സ്വത്തുതർക്കവും വിഴുപ്പലക്കലും പൊതുമധ്യത്തിൽ കൊണ്ടുവന്ന് ചർച്ചക്കിട്ടു കൊടുത്തതിൽ നിന്നും നിങ്ങൾക്ക് എന്താണ് നേടാൻ കഴിഞ്ഞത്? നിങ്ങളിൽ ആരു പറയുന്നതാണ് സത്യമെന്ന് ആർക്കും അറിയില്ല. അതെന്തായാലും കോടതിയും പൊലീസും ഒക്കെ തന്നെ തെളിയിക്കട്ടെ. ഇതൊക്കെ വന്ന് പൊതുമധ്യത്തിൽ വിളമ്പുന്നതിനു മുൻപ്, നിങ്ങളെ നിങ്ങളാക്കിയ, ഇന്നീ കാണുന്ന സർവ പ്രതാപത്തിനും കാരണക്കാരിയായ നിങ്ങളുടെ അമ്മയുടെ ആ മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ നിങ്ങൾ ഇത്തരം കോമാളിത്തരത്തിന് മുതിരില്ലായിരുന്നു. രാധ കുറച്ചുകൂടി പക്വത കാട്ടിയിരുന്നുവെങ്കിൽ ഈ വിഷയം ഇത്ര വഷളാകില്ലായിരുന്നു.
രാധ ഉയർത്തിയ ആക്ഷേപങ്ങളാണ് അംബികയെ പൊതുമധ്യത്തിൽ വന്ന് പലതും പറയാൻ പ്രേരിപ്പിച്ചതെന്ന് ഓർക്കുക. എന്തായാലും സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു കഴിഞ്ഞു. ഈ പ്രതിസന്ധിഘട്ടങ്ങളൊക്കെ കടന്നുപോകും. നിങ്ങളുടെ സ്നേഹബന്ധവും സാഹോദര്യബന്ധവും പഴയതുപോലെ തന്നെ പുനർജനിക്കട്ടെ. അതുകണ്ട് നിങ്ങളുടെ സ്നേഹനിധിയായ അമ്മയുടെ ആത്മാവ് സന്തോഷിക്കട്ടെ. എല്ലാം മംഗളമായി തന്നെ ഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.’’




