കോഴിക്കോട്: കസ്റ്റഡിയിൽ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്‌പി എ. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ചേവായൂർ ബാങ്ക് ക്രമക്കേടിൽ ഇടതു നേതൃത്വവുമായി ഒത്തുകളിച്ചെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്ന ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കരുതെന്നു കാട്ടി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേവായൂരിൽ വച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതെന്നാണ് സൂചന.
അതേസമയം വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ഉമേഷിനെ തിരിച്ചെടുക്കുന്നത് എന്നു വാർത്തകൾ വന്നെങ്കിലും സസ്പെഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുതല നടപടി കൂടി വിശദമാക്കുന്ന ഉത്തരവ് പുറത്തുവന്നിരുന്നില്ല. ഉമേഷിന്റെ സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായത്.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ എസ്‌എച്ച്‌ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഉമേഷിനെതിരെ ഗുരുതരം ആരോപണം ഉണ്ടായിരുന്നത്. 2014 ൽ വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെകടറായി ഉമേഷ് പ്രവർത്തിക്കുമ്പോൾ കീഴുദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. അനാശാസ്യത്തിന് പിടികൂടിയ യുവതിയെ കേസിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും മറ്റു നാലു യുവാക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ബിനുവിന്റെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്.
ഔദ്യോഗിക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ബിനുവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ ശരിവച്ച് പീഡനത്തിനിരയായ യുവതി പാലക്കാട് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഉമേഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തത്. ഇതിനു പിന്നാലെ 2025 നവംബർ 30 ന് ഉമേഷിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. എന്നാൽ ഇരയായ യുവതി മൊഴി നൽകിയെങ്കിലും പരാതി നൽകാതിരുന്നതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നിരുന്നിരുന്നില്ല.
ഉമേഷിനെ തിരിച്ചെടുക്കാനുളള തീരുമാനം വന്നതിനു പിന്നാലെ കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിയിൽ എതിർപക്ഷവുമായി ഉമേഷ് ഒത്തുകളിച്ചുവെന്ന ആരോപണം കൂടി നിലനിൽക്കുന്നതിനിടെ ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തെന്ന വാർത്ത പുറത്തുവന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിരുന്നു.






