ഹൈദരാബാദ്: തെലങ്കാനയിലെ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മർദിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തെന്ന ആരോപണത്തിൽ ഹോം ഗാർഡിനെതിരെ നടപടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് നടപടി ശക്തമായത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയുമായി ഹോം ഗാർഡ് ശാരീരികമായി ഏറ്റുമുട്ടുന്നതും തുടർന്ന് യുവതിയെ മർദിക്കുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതുമാണ് പുറത്തുവന്ന വീഡിയോയിൽ കാണുന്നത്. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം വീഡിയോയിൽ നിന്ന് വ്യക്തമായിട്ടില്ല.
സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സൗത്ത് സെൻട്രൽ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) സൗത്ത് സെൻട്രൽ റെയിൽവേയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഹൈദരാബാദിലെ ഹഫീസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന തെലങ്കാന സ്റ്റേറ്റ് പോലീസിലെ ഹോം ഗാർഡാണ് യുവതിയെ മർദിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ആവശ്യമായ അച്ചടക്ക നടപടികൾക്കായി ഇയാളെ തെലങ്കാന സ്റ്റേറ്റ് പോലീസ് വകുപ്പിലേക്ക് തിരിച്ചയച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ സെക്കന്തരാബാദിൽ അറിയിച്ചു.
സംഭവത്തിന്റെ വസ്തുതകളും ലഭ്യമായ തെളിവുകളും പരിശോധിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈറലായ വീഡിയോയ്ക്ക് പുറമെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ച് സംഭവങ്ങളുടെ യഥാർഥ ക്രമം കണ്ടെത്താനാണ് അന്വേഷണം. ഇതിനിടെ, യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലുള്ള ഹോം ഗാർഡിനെ സർവീസിൽ നിന്ന് നീക്കുമെന്നും ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും തെലങ്കാന ഡിജിപി സി.വി. ആനന്ദ് ശനിയാഴ്ച വ്യക്തമാക്കി.
സംഭവത്തെ അങ്ങേയറ്റം അപലപനീയം എന്ന് വിശേഷിപ്പിച്ച ഡിജിപി, പോലീസുകാരുടെ റാങ്കോ സംഭവത്തിന് പിന്നിലെ പ്രകോപനമോ എന്തുതന്നെയായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു. പോലീസ് പരിശീലനത്തിന്റെയും നിർദേശങ്ങളുടെയും പൂർണമായ അവഗണനയാണ് സംഭവത്തിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ പോലീസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന ഹോം ഗാർഡാണ് ഇയാളെന്നും പ്രാദേശിക പോലീസിന്റെ ഭാഗമല്ലെന്നും അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി പറഞ്ഞു. ഇയാളെ സർവീസിൽ നിന്ന് നീക്കുന്നതിനൊപ്പം കേസെടുത്ത് ക്രിമിനൽ നടപടി ആരംഭിക്കുമെന്നും സൈബറാബാദ് പോലീസ് കമ്മീഷണറോട് അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആക്രമണത്തിനിരയായ യുവതിയുടെ കൂടുതൽ വിവരങ്ങളും സംഭവത്തിൽ ഉൾപ്പെട്ട ഹോം ഗാർഡിന്റെ വിശദമായ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. യുവതിയെ മർദിക്കാനിടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.




