വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തിൽ നിന്നും ഒരാളുടേത് ഹെലികോപ്റ്ററിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മൊത്തം 28 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇത് നടക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കൺട്രോൾ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.
അതേസമയം പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആദ്യം രക്ഷാപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നതെങ്കിലും പിന്നീട് മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനത്തിലേക്ക് മാറുകയാണെന്നും ജോൺ ഡോണലി കൂട്ടിച്ചേർത്തു.
ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കൻ എയർലൈൻസിന്റെ സിആർജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. റീഗൻ നാഷണൽ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.
അമേരിക്കൻ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തിൽ അറുപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കൽ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.