ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് ചിത്രത്തിന്റെ നിർമാതാവ്. സെൻസർ വിവാദങ്ങളും കോടതിപോരാട്ടങ്ങളും കടന്നുപോയ ചിത്രം രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് സ്ഥാപകൻ വെങ്കട് കെ. നാരായണ അറിയിച്ചു. വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
“ചിത്രത്തിന്റെ അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ടവരുമായി ചർച്ചകളും തുടരുന്നുണ്ട്. ഞങ്ങൾ അതീവ സന്തോഷത്തിലും ആവേശത്തിലുമാണ്. ഏകദേശം 14 ദിവസത്തിനകം ‘ജനനായകൻ’ പ്രേക്ഷകരിലേക്ക് എത്തും,” എന്നാണ് വെങ്കട് കെ. നാരായണ പറഞ്ഞത്.
രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ച് അഭിനയജീവിതത്തിൽ നിന്ന് പിന്മാറിയ വിജയിന്റെ അവസാന സിനിമയായതിനാൽ ‘ജനനായകൻ’ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വിജയിന്റെ രാഷ്ട്രീയ ഉയർച്ചയോടൊപ്പം സിനിമയ്ക്കും വലിയ പ്രതീക്ഷകളാണ് ഉയർന്നിരിക്കുന്നത്.
“വിജയ് സാറിനെ വ്യക്തിപരമായി അറിയാം. അദ്ദേഹം അത്യന്തം അച്ചടക്കവും സമർപ്പണബോധവുമുള്ള വ്യക്തിയാണ്. ഒരിക്കൽ വാക്ക് നൽകിയാൽ അത് പാലിക്കാതെ പോകുന്ന ആളല്ല. തമിഴ്നാട്ടിൽ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമാകുകയാണ്. അദ്ദേഹം ശരിക്കും ജനങ്ങളുടെ ‘ജനനായകൻ’ ആയി മാറിയിരിക്കുന്നു,” എന്നും വെങ്കട് കെ. നാരായണ പറഞ്ഞു.
വിജയ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായതിന് പിന്നാലെ ‘ജനനായകൻ’ സിനിമയുടെ പുതിയ ടൈറ്റിൽ കാർഡും പുറത്തിറക്കിയിരുന്നു. വിജയിയെ “മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രചാരണ പോസ്റ്റർ പുറത്തിറക്കിയത്. “ഉടൻ തിയേറ്ററുകളിൽ ആഘോഷിക്കാം” എന്ന കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ നിർമാതാക്കളുടെ പ്രഖ്യാപനം ആ സൂചനകൾക്ക് കൂടുതൽ ബലം നൽകുന്നതാണ്.
സെൻസർ സർട്ടിഫിക്കറ്റിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളാണ് സിനിമയുടെ റിലീസ് നീളാൻ പ്രധാന കാരണം. ആദ്യം നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരുമാസം മുമ്പ് തന്നെ ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു മുന്നിൽ സമർപ്പിച്ചിരുന്നുവെങ്കിലും, ചില രംഗങ്ങളിൽ തിരുത്തൽ വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. ഇതിനെ തുടർന്ന് നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ‘ജനനായകൻ’ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തതോടെ റിലീസ് താത്കാലികമായി തടയപ്പെട്ടു. നിയമനടപടികൾ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

















































