ഹർദോയ്: മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഉറങ്ങിക്കിടന്ന ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. വെട്ടിൽ യുവതിയുടെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പാർവേസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.
പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പാർവേസും 28 കാരിയായ ഭാര്യ നഗ്മയും വിവാഹിതരായിട്ട് 12 വർഷമായി. കുടുംബസ്വത്ത് വിഭജിച്ചതിന് പിന്നാലെ അടുത്തിടെ പാർവേസ് കുടുംബവീട് വിറ്റിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി ഹർദോയിയിലെ ഇസ്ലാംനഗർ തിലിയ പ്രദേശത്ത് വാടകവീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.
ഇതിനിടെ നഗ്മയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നും ഫോണിലൂടെ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നുണ്ടെന്നും പാർവേസ് നിരന്തരം സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. സെപ്റ്റംബർ 9ന് രാത്രിയിൽ നഗ്മ ഉറങ്ങിക്കിടക്കുന്നതിനിടെ പാർവേസ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ പാർവേസ് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
അതേസമയം, നഗ്മയുടെ സഹോദരി സബ്ബോ സഹോദരി ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കൊലപാതകത്തിന് മുൻപുള്ള ഒരാഴ്ചയോളം പാർവേസ് നഗ്മയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് സഹോദരിയുടെ ആരോപണം. കഴുത്തറുക്കുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഒടുവിൽ അതുതന്നെ ചെയ്തെന്നും സബ്ബോ പറഞ്ഞു.
ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും സംഭവത്തിൽ പങ്കുണ്ടായിരുന്നുവെന്നും സബ്ബോ ആരോപിച്ചു. പാർവേസിന്റെ ഒരു സഹോദരിയും ഭർത്താവും കൊലപാതകം നടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അവർക്കാണ് അറിയുകയെന്നും സബ്ബോ ആരോപിച്ചു. സമീപത്ത് രക്തം പുരണ്ട ഒരു ബനിയൻ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയതായും അവർ പറഞ്ഞു.
നഗ്മയുടെ മാതാവ് സാഹിദയും പാർവേസിനെതിരെ ആരോപണവുമായി രംഗത്തെത്തി. മകളെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്നും കഴുത്തറുക്കുമെന്നും കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായും സാഹിദ ആരോപിച്ചു. പാർവേസിന്റെ മാതാവും മൂന്ന് സഹോദരിമാരും നഗ്മയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സാഹിദ ആരോപിച്ചു. അതേസമയം സംഭവത്തിൽ കുടുംബാംഗങ്ങളുടെ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.




