ചങ്ങനാശേരി: വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വന്നില്ല. ഇതോടെ ദൗത്യം അഗ്നിരക്ഷാസേനാംഗങ്ങൾ ഏറ്റെടുത്തു. വാനിടിച്ചു പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ സ്വന്തം വാഹനത്തിലും മറ്റേയാളെ അഗ്നിരക്ഷാസേനാംഗങ്ങൾ നഗരമധ്യത്തിലൂടെ ചുമന്നും ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 2.30നു ചങ്ങനാശേരി നഗരമധ്യത്തിലാണു സംഭവം. എംസി റോഡിൽ നഗരസഭയ്ക്കു സമീപം റോഡിനു കുറുകെ കടക്കാൻ കാത്തുനിന്ന ഫാത്തിമാപുരം സ്വദേശി റഷീദ (56), ആലപ്പുഴ സ്വദേശി നദീറ (62) എന്നിവരാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട വാൻ നദീറയെ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബ്രേക്ക് തകരാറിലായതോടെ, വാഹനത്തിന്റെ ടയർ പത്തു മിനിറ്റിലധികം നദീറയുടെ കാലിനു മുകളിൽത്തന്നെ നിന്നു.
വിവരമറിഞ്ഞ അഗ്നിരക്ഷാസേന ഉടനെത്തി വാഹനം ഉയർത്തിയാണു നദീറയുടെ കാൽ പുറത്തെടുത്തത്. നദീറയെ ഇടിച്ച വാൻ തന്നെയാണ് റഷീദയേയും ഇടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജനറൽ ആശുപത്രിയുടേതുൾപ്പെടെ വിവിധ ആംബുലൻസുകൾ വിളിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അതേസമയം അഗ്നിരക്ഷാസേനയുടെ ജീപ്പിൽ റഷീദയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നദീറയുടെ കാലിലെ പരുക്ക് ഗുരുതരമായതിനാൽ ജീപ്പിൽ കയറ്റാൻ പറ്റുമായിരുന്നില്ല. ഒടുവിൽ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ട്രെച്ചറിൽ ചുമന്ന് അരക്കിലോമീറ്ററോളം അകലെയുള്ള ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇരുവരെയും പിന്നീടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 2 ആംബുലൻസാണുള്ളത്. ഒരെണ്ണം ഇന്ധന ടാങ്കിലെ തകരാർ മൂലം ഓടുന്നില്ല. മറ്റൊരെണ്ണം പാലിയേറ്റീവ് പദ്ധതിക്കായി പോയെന്നും ആശുപത്രി അധികൃതർ പറയുന്നു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ പ്രദീപ്, ദിനേശ്കുമാർ, വിനോദ്, മനോജ്കുമാർ, ഗിരീഷ് കുമാർ, വിജേഷ്, ഫ്രാൻസിസ്, രതീഷ്, ജയകുമാർ, അഭിലാഷ് ശേഖർ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്.