കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കല്ലകത്തു ബീച്ചിലാണ് അപകടം. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്.
കൽപ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കൾ ഉൾപ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് അവഗണിച്ച് കൈകോർത്തു പിടിച്ചു സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.