ആഗ്ര: ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി കുളിമുറിയിൽ കുഴിച്ചുമൂടി. തുടര്‍ന്ന് കോൺക്രീറ്റ് കൊണ്ട് തറ മൂടുകയും ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് പ്രതിയായ റൂബി ശർമയെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.പിന്നീട് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രേണുക ധാം കോളനിയിലാണ് കൊല്ലപ്പെട്ട സുരേന്ദ്ര ശര്‍മയും(45) ഭാര്യ റൂബിയും താമസിച്ചിരുന്നത്.
ഭരത്പൂർ സ്വദേശിയായ സുരേന്ദ്ര ശർമ ഒമ്പത് വർഷമായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു.ഭര്‍ത്താവ് എവിടെപ്പോയെന്ന് റൂബിയോട് ചോദിക്കുമ്പോഴെല്ലാം അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് അയൽവാസി ഗൗരവ് ദീക്ഷിത് പറഞ്ഞു. ദമ്പതികൾ തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടയിൽ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സുരേന്ദ്രയുടെ സഹോദരന് റൂബിയെ സംശയമുണ്ടായിരുന്നു.
ഇത് പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റൂബി തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് തെളിയുന്നത്. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ചോദ്യം ചെയ്തുവരികയാണെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അമീഷ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്നും മൃതദേഹം സംസ്‌കരിക്കാൻ റൂബിയെ മറ്റുള്ളവർ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.


















































