ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വരണമാല്യം ചാര്‍ത്താന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ യുവതി സദസ്സിലിരുന്ന തന്റെ കാമുകനെ മാല ചാര്‍ത്തി.
ഏപ്രില്‍ 27-ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. വിവാഹ വസ്ത്രമണിഞ്ഞ് സര്‍വാഭരണ വിഭൂഷിതയായാണ് യുവതി വേദിയിലെത്തിയത്. വരനും ബന്ധുക്കളും ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവതി മണ്ഡപത്തില്‍ നിന്ന് താഴേക്ക് ഓടിയത്. അതിഥികള്‍ക്കിടയില്‍ നിന്നിരുന്ന കാമുകന്റെ അടുത്തേക്ക് ഓടിയെത്തിയ യുവതി, തന്റെ കയ്യിലുണ്ടായിരുന്ന മാല അദ്ദേഹത്തിന്റെ കഴുത്തില്‍ ചാര്‍ത്തുകയായിരുന്നു.
അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ ബന്ധുക്കളും അതിഥികളും യുവതിക്ക് പിന്നാലെ ഓടുന്നതും പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് ഇന്റര്‍നെറ്റില്‍ ഉയരുന്നത്. കുടുംബങ്ങളില്‍ നിന്നുള്ള വിവാഹ സമ്മര്‍ദ്ദവും ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ അവസ്ഥയുമാണ് പലരും കമന്റുകളിലൂടെ പങ്കുവെക്കുന്നത്. അതേസമയം, വേദിയില്‍ അപമാനിതനായ വരന്റെ പക്ഷത്തുനിന്നുള്ള വിഷമകരമായ സാഹചര്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

















































